തിരുവനന്തപുരം: കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായിരുന്ന പ്രൊഫ. കെ.വി. തോമസിന്റെ സേവനവുമായി ബന്ധപ്പെട്ട് ഹോണറേറിയം, സ്റ്റാഫ് ശമ്പളം, യാത്രാ-ഇന്ധന ആനുകൂല്യങ്ങൾ എന്നിവയ്‌ക്കായി സർക്കാർ ഒരു കോടിയിലധികം രൂപ ചെലവഴിച്ചതായി വിവരാവകാശ രേഖ.
2026 മേയ് 4-നാണ് കെ.വി. തോമസ് പ്രത്യേക പ്രതിനിധി സ്ഥാനത്തുനിന്ന് ഔദ്യോഗികമായി വിരമിച്ചത്. 2026 ഏപ്രിൽ വരെ പ്രതിമാസം ഒരു ലക്ഷം രൂപ നിരക്കിൽ ഹോണറേറിയമായി 39,38,710 രൂപ നൽകിയതായാണ് രേഖകൾ വ്യക്തമാക്കുന്നത്.
പേഴ്സണൽ സ്റ്റാഫിന്റെ ശമ്പളവും കോൺസോളിഡേറ്റഡ് പേയും ഉൾപ്പെടെ 61,83,500 രൂപ സർക്കാർ ചെലവഴിച്ചു. ഔദ്യോഗിക വിമാനയാത്രകളുടെ ടിക്കറ്റ് ചെലവായി 13,04,854 രൂപ ODEPC മുഖേന നൽകിയതായും രേഖയിൽ പറയുന്നു.
ഇതിന് പുറമെ, 2023-ലെ ഔദ്യോഗിക വിമാനയാത്രകളുമായി ബന്ധപ്പെട്ട ഇൻസിഡന്റൽ ചെലവുകൾക്കായി 39,000 രൂപയും ഔദ്യോഗിക വാഹനത്തിന്റെ ഇന്ധനച്ചെലവായി 2,20,429 രൂപയും അനുവദിച്ചതായും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
പ്രത്യേക പ്രതിനിധിയായിരുന്ന കാലയളവിൽ പ്രതിമാസ ഹോണറേറിയത്തിനൊപ്പം മൂന്ന് പെൻഷനുകളും കെ.വി. തോമസ് കൈപ്പറ്റിയിരുന്നതായും പുറത്തുവന്ന വിവരങ്ങളിൽ പറയുന്നു.















