ന്യൂഡൽഹി: മത്സരപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കൂടുതൽ കർശന നിയമനടപടികളുമായി കേന്ദ്ര സർക്കാർ. പരീക്ഷാ തട്ടിപ്പുകൾ തടയുന്നതിനും കുറ്റക്കാർക്ക് വേഗത്തിൽ ശിക്ഷ ഉറപ്പാക്കുന്നതിനുമായി പുതിയ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
വീഡിയോ സന്ദേശത്തിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ചോദ്യപേപ്പർ ചോർച്ച ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും ഭാവിയെ ബാധിച്ച അതീവ ഗുരുതരമായ വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു. കുറ്റവാളികൾക്കെതിരെ ഇതിനകം കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും നിരവധി പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പരീക്ഷാ ചോദ്യപേപ്പർ ചോർച്ച കേസുകൾ അതിവേഗത്തിൽ തീർപ്പാക്കാൻ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. ഇതുസംബന്ധിച്ച നിർണായക തീരുമാനം ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ നിയമത്തിന്റെ കരട് മന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷം അടുത്ത ആഴ്ച ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിച്ച് എത്രയും വേഗം പാസാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. പരീക്ഷാ തട്ടിപ്പുകാർക്ക് കൂടുതൽ കർശനമായ ശിക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥകളാണ് ബില്ലിൽ ഉൾപ്പെടുത്തുകയെന്നാണ് സൂചന.















