അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് രണ്ട് കോടിയോളം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലയാളിയെ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. കോഴിക്കോട് സ്വദേശി ജംഷീദ് എടക്കണ്ടിപൊയില്‍ (36) ആണ് അറസ്റ്റിലായത്. അബുദാബിയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ വ്യാഴാഴ്ച രാവിലെ കൊച്ചിയിലെത്തിയ ജംഷീദിനെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിക്കുകയായിരുന്നു.

ഇതിനിടെയാണ് പ്രത്യേകമായി തുന്നിച്ചേര്‍ത്ത അടിവസ്ത്രത്തിനുള്ളില്‍ പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം ഒളിപ്പിച്ചിരുന്നതായി കണ്ടെത്തിയത്. കസ്റ്റംസ് കെമിക്കല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ പേസ്റ്റില്‍ നിന്ന് 1,246.23 ഗ്രാം 24 കാരറ്റ് സ്വര്‍ണം വേര്‍തിരിച്ചെടുത്തു. കൂടാതെ 100.21 ഗ്രാം തൂക്കമുള്ള രണ്ട് 24 കാരറ്റ് സ്വര്‍ണമാലകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ 1,97,22,653 രൂപ വിലവരുമെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

സംഭവത്തില്‍ കസ്റ്റംസ് നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തി ജംഷീദിനെ അറസ്റ്റ് ചെയ്തു. സ്വര്‍ണത്തിന്റെ ഉറവിടം, പിന്നില്‍ പ്രവര്‍ത്തിച്ച സംഘങ്ങള്‍, രാജ്യാന്തര സ്വര്‍ണക്കടത്ത് ശൃംഖലയുമായുള്ള ബന്ധം എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

Share