കൊല്ലം: 14-കാരൻ സ്കൂട്ടർ ഓടിച്ച സംഭവത്തിൽ വാഹനത്തിന്റെ ഉടമയായ അമ്മയ്‌ക്ക് 26,000 രൂപ പിഴ വിധിച്ച് കടയ്‌ക്കൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി. പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിക്കുന്നത് തടയുന്നതിനുള്ള മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് നടപടി.
2023 ഏപ്രിൽ 9-നാണ് കേസിനാസ്പദമായ സംഭവം. ചിതറയിൽ പൊലീസ് നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് 14-കാരൻ സ്കൂട്ടർ ഓടിച്ച് വരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ചിതറ എസ്.ഐ മുഹസിൻ മുഹമ്മദിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഉബൈദും അരുണും ചേർന്നാണ് വാഹനം തടഞ്ഞുനിർത്തിയത്.
തുടർന്ന് കുട്ടിയുടെ മാതാപിതാക്കളെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി നിയമനടപടികൾ പൂർത്തിയാക്കി കേസ് രജിസ്റ്റർ ചെയ്തു. വിചാരണ പൂർത്തിയായതിനെ തുടർന്ന് വാഹന ഉടമയായ അമ്മ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ കോടതി 26,000 രൂപ പിഴ ചുമത്തുകയായിരുന്നു.
പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിക്കാൻ അനുവദിക്കുന്ന വാഹന ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് നേരത്തേ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.