സാവോ പോളോ: പോക്കര്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തതിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ട നെയ്മര്‍, മറുപടി പറഞ്ഞത് സോഷ്യല്‍ മീഡിയയിലല്ല, മൈതാനത്തായിരുന്നു. ബ്രസീലിയന്‍ സീരി എയില്‍ ചാപെക്കോന്‍സെയ്‌ക്കെതിരായ മത്സരത്തില്‍ ഇരട്ട ഗോളുമായി തിളങ്ങിയ ബ്രസീല്‍ സൂപ്പര്‍താരം, വിമര്‍ശകര്‍ക്ക് തന്റെ ശൈലിയില്‍ തന്നെ മറുപടി നല്‍കി.
സാന്റോസിനായി 36-ാം മിനിറ്റിലും 89-ാം മിനിറ്റിലും ഗോള്‍ നേടിയ നെയ്മറിന്റെ മികവിലാണ് ടീം 2-2 സമനില പിടിച്ചെടുത്തത്. രണ്ടാം ഗോള്‍ നേടിയതിന് പിന്നാലെ കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന രീതിയിലുള്ള ഗോള്‍ ആഘോഷം നടത്തിയാണ് വിമര്‍ശകരെ താരം പരിഹസിച്ചത്. ലോകകപ്പിന് ശേഷമുള്ള നെയ്മറിന്റെ ആദ്യ മത്സരവും ഇതായിരുന്നു.
കോപ സുഡാമേരിക്കാനയില്‍ യൂണിവേഴ്‌സിഡാഡ് സെന്‍ട്രലിനെതിരായ ആദ്യപാദ മത്സരത്തില്‍ നെയ്മര്‍ കളിക്കാതിരുന്നതിനിടെയാണ് സാവോ പോളോയില്‍ നടന്ന ബിഎസ്ഒപി വിന്റര്‍ പോക്കര്‍ ടൂര്‍ണമെന്റില്‍ താരം പങ്കെടുത്തതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതോടെ നെയ്മര്‍ ടീമിനെ ഉപേക്ഷിച്ച് പോക്കര്‍ കളിക്കാന്‍ പോയെന്ന തരത്തില്‍ വ്യാപക വിമര്‍ശനമുയര്‍ന്നു.
എന്നാല്‍ പോക്കര്‍ കളിക്കാനല്ല താന്‍ മത്സരം വിട്ടതെന്ന് പിന്നീട് വ്യക്തമായി. സാന്റോസ് പരിശീലകന്‍ കുക്ക താരത്തിന്റെ ഫിറ്റ്‌നസ് പരിഗണിച്ചാണ് വിശ്രമം അനുവദിച്ചതെന്ന് ക്ലബ് വിശദീകരിച്ചു. മത്സരം 4-1ന് സാന്റോസ് വിജയിക്കുകയും ചെയ്തിരുന്നു.
വിവാദങ്ങള്‍ക്കിടെ നെയ്മറും സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. ‘ജീവിതം ഒരു തമാശയാണ്’ എന്ന അടിക്കുറിപ്പോടെ പോക്കര്‍ ടൂര്‍ണമെന്റില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ച താരം, രാവിലെ പരിശീലനം നടത്തിയെന്നും പിന്നീട് മത്സരത്തില്‍ കളിക്കാതിരുന്നതെന്നും അത് തനിക്ക് അനുവദിച്ചിരുന്ന അവധിയായിരുന്നെന്നും വ്യക്തമാക്കി.
‘എനിക്ക് ഒരു ദിവസത്തെ അവധിയായിരുന്നു. രാവിലെ ജോലി ചെയ്തു, പരിശീലനത്തിലും തിരിച്ചെത്തി. ഇനി പരിശീലനത്തെയും വിമര്‍ശിക്കുമോ? നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കൂ,’ എന്നായിരുന്നു നെയ്മറിന്റെ പ്രതികരണം. വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഇരട്ട ഗോളും വ്യത്യസ്തമായ ഗോള്‍ ആഘോഷവും ചേര്‍ന്നപ്പോള്‍, തന്റെ മറുപടി വാക്കുകളിലല്ല, പ്രകടനത്തിലൂടെയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ബ്രസീലിയന്‍ സൂപ്പര്‍താരം.















