തിരുവനന്തപുരം: ജനം ടിവി തിരുവനന്തപുരം ബ്യൂറോ ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ വാഹനാപകടത്തിൽ അന്തരിച്ചു. 26 വയസായിരുന്നു. പാറശ്ശാല സ്വദേശിയാണ്.
ഇന്നലെ രാത്രി ജോലി കഴിഞ്ഞ് മടങ്ങവെയാണ് അപകടം. തിരുവനന്തപുരം – കന്യാകുമാരി പാതയിൽ മുക്കോല ബൈപ്പാസിലുണ്ടായ അപകടത്തിലാണ് അഭിജിത് ശ്രീകുമാറിന്റെ ജീവൻ പൊലിഞ്ഞത്. ബ്യൂറോയിൽ നിന്നും ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങവെയാണ് സംഭവമുണ്ടായത്. ബൈക്ക് ടോറസ് ലോറിയിൽ ഇടിച്ചായിരുന്നു അപകടം. മൂന്നുമാസം മുമ്പാണ് അഭിജിത്ത് വിവാഹിതനായത്.
മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം പ്രസ്ക്ലബ്ബിലും ജനം ടിവി സ്റ്റുഡിയോയിലും പൊതുദർശനമുണ്ടാകും. വൈകുന്നേരം ഏഴ് മണിയോടെ സംസ്കാരം നടക്കും.














