മാഡ്രിഡ്: ലോകകപ്പ് കിരീടം നേടിയാല്‍ സ്‌പെയിന്‍ പരിശീലകന്‍ ലൂയിസ് ഡി ലാ ഫുവെന്റെയുടെ മുഖം ടാറ്റൂ ചെയ്യുമെന്ന് നല്‍കിയ വാക്ക് പാലിച്ച് സ്പാനിഷ് പ്രതിരോധ താരം മാര്‍ക്ക് കുകുറെല്ല. പുതിയ ടാറ്റൂയുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചാണ് താരം ആരാധകരെ അമ്പരപ്പിച്ചത്. 2026 ലോകകപ്പിന്റെ ലോഗോയ്‌ക്ക് മുന്നില്‍ ലോകകപ്പ് ട്രോഫി ഉയര്‍ത്തിപ്പിടിക്കുന്ന ഡി ലാ ഫുവെന്റെയുടെ ചിത്രമാണ് കുകുറേയ ടാറ്റൂയായി പതിപ്പിച്ചിരിക്കുന്നത്. ‘Promise kept’ (വാക്ക് പാലിച്ചു) എന്ന കുറിപ്പോടെയാണ് താരം ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
അര്‍ജന്റീനയെ എക്സ്ട്രാ ടൈമില്‍ 1-0ന് തോല്‍പ്പിച്ചാണ് സ്‌പെയിന്‍ ചരിത്രത്തിലെ രണ്ടാം ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ഫെറാന്‍ ടോറസിന്റെ ഗോളാണ് ഫൈനലില്‍ സ്‌പെയിനിന് വിജയമൊരുക്കിയത്. ലോകകപ്പിന് മുമ്പ് കിരീടം നേടിയാല്‍ പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുമെന്നും കുകുറെല്ല പ്രഖ്യാപിച്ചിരുന്നു. ടാറ്റൂവെന്ന വാഗ്ദാനം താരം പാലിച്ചെങ്കിലും വിരമിക്കല്‍ തീരുമാനത്തില്‍ നിന്ന് പിന്മാറുമെന്ന പ്രതീക്ഷയിലാണ് സ്പാനിഷ് ആരാധകര്‍.
മുഴുവന്‍ ടൂര്‍ണമെന്റിലും സ്‌പെയിനിനായി എട്ട് മത്സരങ്ങളിലും ആദ്യ ഇലവനില്‍ ഇറങ്ങിയ കുകുറെല്ല മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഏഴ് മത്സരങ്ങളില്‍ ക്ലീന്‍ ഷീറ്റ് നിലനിര്‍ത്തിയ സ്പാനിഷ് പ്രതിരോധനിരയുടെ പ്രധാന സാന്നിധ്യമായിരുന്ന താരം, രണ്ട് അസിസ്റ്റുകളുമായി ടീമിന്റെ കിരീടനേട്ടത്തിലും നിര്‍ണായക പങ്കുവഹിച്ചു.















