ഗ്ലാസ്ഗോ: ‘ഇനി എന്റെ കരിയര്‍ അവസാനിച്ചുവെന്ന് പറഞ്ഞ എല്ലാവര്‍ക്കും ഈ വെള്ളിമെഡല്‍ സമര്‍പ്പിക്കുന്നു.’ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ ലോങ് ജമ്പില്‍ തുടര്‍ച്ചയായ രണ്ടാം തവണയും വെള്ളി മെഡല്‍ നേടിയ ശേഷം ഇന്ത്യന്‍ താരം മുരളി ശ്രീശങ്കര്‍ പറഞ്ഞ വാക്കുകളാണിത്. ഒരിക്കല്‍ കരിയര്‍ തന്നെ അവസാനിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ താരമാണ് ഇന്ന് വീണ്ടും അന്താരാഷ്‌ട്ര വേദിയില്‍ മെഡല്‍ നേട്ടവുമായി ഇന്ത്യയുടെ അഭിമാനമായത്.
ഗ്ലാസ്ഗോയില്‍ നടന്ന ഫൈനലില്‍ 8.09 മീറ്റര്‍ ചാടിയാണ് ശ്രീശങ്കര്‍ വെള്ളി സ്വന്തമാക്കിയത്. ജമൈക്കയുടെ താജേ ഗെയ്ല്‍ (8.15 മീ.) സ്വര്‍ണം നേടിയപ്പോള്‍, സ്‌കോട്‌ലന്‍ഡിന്റെ സ്റ്റീഫന്‍ മക്കെന്‍സി (8.08 മീ.) വെങ്കലം കരസ്ഥമാക്കി. ഇന്ത്യയുടെ ലോകേഷ് സത്യനാഥന്‍ 7.97 മീറ്റര്‍ ചാടി അഞ്ചാം സ്ഥാനത്തെത്തി. ഈ വെള്ളിമെഡല്‍ ശ്രീശങ്കറിന് വെറും ഒരു മെഡല്‍ മാത്രമല്ല, രണ്ട് വര്‍ഷം നീണ്ട പോരാട്ടത്തിന്റെ വിജയകഥ കൂടിയാണ്.
2024 ഏപ്രിലില്‍ പാലക്കാട്ടെ പരിശീലനത്തിനിടെ അദ്ദേഹത്തിന്റെ പട്ടെല്ല ടെന്‍ഡണ്‍ പൂര്‍ണമായി പൊട്ടുകയായിരുന്നു. ലോങ് ജമ്പ് താരത്തിന് ഏറ്റവും ഗുരുതരമായ പരിക്കുകളിലൊന്നായ ഇത് പാരീസ് ഒളിമ്പിക്‌സ് സ്വപ്‌നം തകര്‍ത്തു. ശസ്ത്രക്രിയയ്‌ക്കും 21 മാസത്തെ കഠിന പുനരധിവാസത്തിനും ശേഷമാണ് ശ്രീശങ്കര്‍ വീണ്ടും ട്രാക്കിലേക്ക് തിരിച്ചെത്തിയത്. ഫൈനലില്‍ ആദ്യ ശ്രമത്തില്‍ തന്നെ 8.03 മീറ്റര്‍ ചാടി മികച്ച തുടക്കമിട്ട ശ്രീശങ്കര്‍, രണ്ടാം ശ്രമത്തില്‍ 8.09 മീറ്ററിലെത്തി ഒന്നാം സ്ഥാനത്തെത്തി. എന്നാല്‍ നാലാം ശ്രമത്തില്‍ ജമൈക്കന്‍ താരം താജേ ഗെയ്ല്‍ 8.15 മീറ്റര്‍ ചാടി മുന്നിലെത്തി.
തുടര്‍ന്ന് സ്വര്‍ണത്തിനായി ശ്രീശങ്കര്‍ നടത്തിയ രണ്ട് ശ്രമങ്ങളും ഫൗളായതോടെ വെള്ളിയില്‍ തൃപ്തിപ്പെടേണ്ടിവന്നു. എങ്കിലും ഈ വെള്ളിമെഡല്‍ തനിക്ക് പൂര്‍ണ സംതൃപ്തി നല്‍കിയില്ലെന്നാണ് താരം തുറന്നുപറഞ്ഞത്. പരിക്ക് ഇപ്പോഴും പൂര്‍ണമായും വിട്ടുമാറിയിട്ടില്ലെന്നും ഓരോ മത്സരത്തിനുശേഷവും മുട്ടിന് പ്രത്യേക പരിചരണം നല്‍കേണ്ടിവരുന്നുണ്ടെന്നും താരം വ്യക്തമാക്കി.
ഇനി ലക്ഷ്യം ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസാണ്. അതിനായി ഉടന്‍ തന്നെ പരിശീലനം പുനരാരംഭിക്കുമെന്നും, രാജ്യത്തിനായി കൂടുതല്‍ മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുകയാണ് ഇനി ലക്ഷ്യമെന്നും ശ്രീശങ്കര്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് വര്‍ഷം മുമ്പ് കരിയര്‍ അവസാനിച്ചുവെന്ന വിലയിരുത്തലുകള്‍ കേട്ടിരുന്ന അതേ താരം ഇന്ന് വീണ്ടും കോമണ്‍വെല്‍ത്ത് പോഡിയത്തില്‍ നില്‍ക്കുകയാണ്. ഇന്ത്യന്‍ അത്ലറ്റിക്‌സിലെ ഏറ്റവും പ്രചോദനാത്മകമായ തിരിച്ചുവരവുകളിലൊന്നായാണ് ശ്രീശങ്കറിന്റെ ഈ വെള്ളിനേട്ടം വിലയിരുത്തപ്പെടുന്നത്.















