ഇസ്ലാമാബാദ്: പാക് അധീന കശ്മീരിലെ കൂട്ടക്കുരുതിയെ ന്യായീകരിച്ച് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. പിഒകെയിൽ സമരം ചെയ്യുന്നവരെ ഇന്ത്യയെപ്പോലെ തന്നെ പാകിസ്ഥാന്റെ ശത്രുക്കളായാണ് കാണുന്നതെന്നാണ് ഖ്വാജ ആസിഫിന്റെ പരാമർശം.
ഒരു പാക് ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഖ്വാജ ആസിഫ് നിലപാട് വ്യക്തമാക്കിയത്. “പ്രതിഷേധക്കാരെ ഭാരതത്തിന്റെ അതേ ഗണത്തിലാണ് ഞാൻ കാണുന്നത്. ഇന്ത്യയെപ്പോലെ തന്നെ അവരെയും പാകിസ്ഥാന്റെ ശത്രുക്കളായി കണക്കാക്കുന്നു” എന്നായിരുന്നു പ്രതികരണം. പ്രതിഷേധക്കാരുമായി യാതൊരു തരത്തിലുള്ള ചർച്ചയ്‌ക്കും തയ്യാറല്ലെന്നും, അവർ രാജ്യത്തിന്റെ ശത്രുക്കളാണെന്നും ഖ്വാജ ആസിഫ് തുറന്നുപറഞ്ഞു.
കഴിഞ്ഞ ദിവസം പാക് അധീന കശ്മീരിൽ തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചതിന് പിന്നാലെ പ്രതിഷേധക്കാർക്ക് നേരെ പാകിസ്ഥാൻ പൊലീസും സുരക്ഷാസേനയും വെടിവെപ്പ് നടത്തിയിരുന്നു. വെടിവെപ്പിൽ 20-ഓളം പേർ കൊല്ലപ്പെടുകയും 50-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
പാക് അധീന കശ്മീരിൽ മാസങ്ങളായി തുടരുന്ന ജനകീയ പ്രക്ഷോഭം അടിച്ചമർത്താൻ പാക് ഭരണകൂടം സ്വീകരിക്കുന്ന നടപടികൾക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ഏകദേശം 5,000 പേർ പങ്കെടുത്ത മാർച്ചിന് നേരെ പ്രകോപനമില്ലാതെയാണ് സുരക്ഷാസേന വെടിയുതിർത്തെന്നാണ് റിപ്പോർട്ടുകൾ.
പാക് അധീന കശ്മീരിലെ പ്രതിഷേധങ്ങൾ ആരംഭിച്ചതിനുശേഷം സുരക്ഷാസേനയുടെ നടപടികളിൽ 80-ലധികം പേർ കൊല്ലപ്പെട്ടതായി വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രതിഷേധം നിയന്ത്രിക്കാൻ പൊലീസ് ഉൾപ്പെടെയുള്ള സുരക്ഷാസേനയ്‌ക്ക് കർശന നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്.















