കൊച്ചി: ലഹരിക്കടത്തിൽ ഞെട്ടിക്കുന്ന പുതിയ രീതി പുറത്തുകൊണ്ടുവന്ന് എക്സൈസ്. മെൻസ്ട്രൽ കപ്പിനുള്ളിൽ എംഡിഎംഎ ഒളിപ്പിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലെത്തിച്ച് വിൽപന നടത്തിയിരുന്ന യുവതിയെയും കൂട്ടാളിയെയും എറണാകുളം എക്സൈസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി മുഹമ്മദ് ഷാഫിയും ആലപ്പുഴ സ്വദേശിനിയായ സരിതയുമാണ് പിടിയിലായത്. ഇവരിൽ നിന്ന് മൊത്തം 94.032 ഗ്രാം എംഡിഎംഎ, ലഹരിവിൽപനയിൽ നിന്ന് ലഭിച്ച 17,770 രൂപ, ഒരു മൊബൈൽ ഫോൺ എന്നിവയും പിടിച്ചെടുത്തു.
എറണാകുളത്തെയും ആലപ്പുഴയിലെയും വിവിധ ലോഡ്ജുകളിൽ മുറിയെടുത്ത് രാസലഹരി വിൽപന നടത്തുന്നതാണ് ഇരുവരുടെയും രീതിയെന്ന് അന്വേഷണത്തിൽ വ്യക്തമായി. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇവർ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.
പരിശോധന വെട്ടിച്ച് കടക്കാൻ മെൻസ്ട്രൽ കപ്പ്
മെൻസ്ട്രൽ കപ്പിനുള്ളിൽ എംഡിഎംഎ നിറച്ച് പശ ഉപയോഗിച്ച് അടച്ചശേഷം അത് സ്വകാര്യഭാഗത്ത് ഒളിപ്പിച്ചാണ് സരിത ലഹരി കടത്തിയിരുന്നത്. ബെംഗളൂരുവിൽ നിന്ന് ബസിൽ വരുന്നതിനിടെ കണ്ണൂർ ഇരിട്ടിയിൽ പരിശോധന നടന്നപ്പോൾ മുഹമ്മദ് ഷാഫിയുടെ കൈവശമുണ്ടായിരുന്ന ലഹരി ഉപേക്ഷിച്ചെങ്കിലും, സരിതയുടെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചിരുന്നതിനാൽ പരിശോധനയിൽ അത് കണ്ടെത്താൻ കഴിഞ്ഞില്ല. ഇതേ ലഹരിയാണ് പിന്നീട് എറണാകുളത്ത് എത്തിച്ച് വിൽപനയ്‌ക്ക് ശ്രമിച്ചത്.
ലോഡ്ജിൽ കാത്തിരുന്ന എക്സൈസ്
എറണാകുളം സൗത്ത് മേഖലയിലെ ഒരു ലോഡ്ജിൽ നിന്ന് ആദ്യം 65.27 ഗ്രാം എംഡിഎംഎയുമായി മുഹമ്മദ് ഷാഫിയെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. അതേസമയം, സരിത ആലപ്പുഴയിൽ ലഹരി വിൽപനയ്‌ക്കായി പോയിരുന്നതിനാൽ ഉദ്യോഗസ്ഥർ ലോഡ്ജിൽ തന്നെ കാത്തിരുന്നു. രാത്രി 10.30ഓടെ എറണാകുളത്ത് തിരിച്ചെത്തിയ സരിതയെയും അറസ്റ്റ് ചെയ്തു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ആലപ്പുഴയിലെ ഒരു വീട്ടിൽ കൂടുതൽ എംഡിഎംഎ സൂക്ഷിച്ചിട്ടുണ്ടെന്ന് സരിത വെളിപ്പെടുത്തിയത്. പ്രതിയെ കൂട്ടിക്കൊണ്ടുപോയ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 28.76 ഗ്രാം എംഡിഎംഎ കൂടി കണ്ടെത്തി. ഇതോടെയാണ് പിടിച്ചെടുത്ത ലഹരിയുടെ ആകെ അളവ് 94.032 ഗ്രാമായി ഉയർന്നത്.
ഗ്രാമിന് 4,000 രൂപ നിരക്കിൽ വിൽപന
ഗ്രാമിന് ഏകദേശം 4,000 രൂപ നിരക്കിലാണ് ഇവർ എംഡിഎംഎ വിറ്റിരുന്നതെന്ന് എക്സൈസ് കണ്ടെത്തി. സരിത മുമ്പ് ഹോം നഴ്സായും മുഹമ്മദ് ഷാഫി ഇന്റീരിയർ ഡിസൈനറായും ജോലി ചെയ്തിരുന്നവരാണെന്നും അന്വേഷണത്തിൽ വ്യക്തമായി.
ഇവരിൽ നിന്ന് എംഡിഎംഎ വാങ്ങിയവരെക്കുറിച്ചും എക്സൈസിന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ലഹരി ശൃംഖലയിലെ കൂടുതൽ ആളുകളെ കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.















