തിരുവനന്തപുരം: വെമ്പായത്തെ ബാറിലുണ്ടായ തീവെപ്പിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വെമ്പായം സ്വദേശി നൗഫൽ (30) മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇതോടെ കേസിൽ മരിച്ചവരുടെ എണ്ണം നാലായി.
രണ്ടാഴ്ച മുമ്പാണ് വെമ്പായം ബാർ റെസിഡൻസി ഹോട്ടലിൽ മദ്യപിക്കുന്നതിനിടെ തർക്കം ഉണ്ടായത്. മദ്യപിച്ചിരുന്നവർക്കിടയിലെ വാക്കേറ്റം കൈയാങ്കളിയിലെത്തിയതിനെ തുടർന്ന് നന്നാട്ടുകാവ് സ്വദേശി അനീഷ് പുറത്തുപോയി പെട്രോൾ കൊണ്ടുവന്ന് ബാറിനുള്ളിലുണ്ടായിരുന്നവരുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ആക്രമണത്തിൽ നിരവധി പേർക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു.
സംഭവത്തിൽ തേക്കട സ്വദേശി നവാസ് ചികിത്സയ്‌ക്കിടെ ആദ്യം മരണത്തിന് കീഴടങ്ങി. തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ ആക്രമണത്തിലെ പ്രതിയായ അനീഷും മരിച്ചു. കേസിലെ പ്രധാന ദൃക്‌സാക്ഷിയായ നെടുമങ്ങാട് ഇരിഞ്ചയം താന്നിമൂട് സ്വദേശി രതീഷ് പിന്നീട് ആത്മഹത്യ ചെയ്തതും കേസിൽ വലിയ വഴിത്തിരിവായിരുന്നു.
ഇപ്പോൾ നൗഫലും മരണത്തിന് കീഴടങ്ങിയതോടെ വെമ്പായം ബാർ തീവെപ്പ് ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ എണ്ണം നാലായി. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.















