സൂറിച്ച്: ലോകകപ്പിന്റെയും മറ്റ് ഫിഫ ടൂര്‍ണമെന്റുകളുടെയും വാണിജ്യാവകാശങ്ങളില്‍ സ്വകാര്യ നിക്ഷേപകരെ പങ്കാളികളാക്കാനുള്ള വിവാദ പദ്ധതിയില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്‌ക്ക് വന്‍ തിരിച്ചടി. ഇന്‍ഫാന്റിനോയുടെ മുതിര്‍ന്ന ഉപദേഷ്ടാവായ കാര്‍ലോസ് കോര്‍ഡെയ്‌റോ പ്രതിഷേധ സൂചകമായി സ്ഥാനമൊഴിഞ്ഞു.
രാജി പ്രഖ്യാപിച്ച കോര്‍ഡെയ്‌റോ, ഫിഫയുടെ പുതിയ നിര്‍ദേശത്തെ ‘ഫുട്‌ബോളിന് ദോഷകരമായ കരാര്‍’ എന്നാണ് വിശേഷിപ്പിച്ചത്. പദ്ധതിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അതിനെ പൂര്‍ണമായും എതിര്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ലോകകപ്പ്, ക്ലബ് ലോകകപ്പ് ഉള്‍പ്പെടെയുള്ള പ്രധാന ടൂര്‍ണമെന്റുകളുടെ വാണിജ്യാവകാശങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ‘ഫിഫ ഫോര്‍വേഡ് എന്റര്‍പ്രൈസ്’ എന്ന പേരില്‍ 20 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള പുതിയ കമ്പനി രൂപീകരിക്കാനാണ് ഫിഫയുടെ പദ്ധതി.
ഇതിന്റെ 20 ശതമാനം ഓഹരി സ്വകാര്യ നിക്ഷേപകര്‍ക്ക് വിറ്റ് ഏകദേശം 4.2 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനുമാണ് ലക്ഷ്യം. ന്യൂയോര്‍ക്ക് ആസ്ഥാനമായ ഒരു നിക്ഷേപ സ്ഥാപനമാണ് പ്രധാന നിക്ഷേപകനാകുമെന്ന് ഫിഫ വ്യക്തമാക്കിയിട്ടുണ്ട്. 35 വര്‍ഷത്തിലേറെ നിക്ഷേപ ബാങ്കിങ് രംഗത്ത് പ്രവര്‍ത്തിച്ച അനുഭവമുള്ള കോര്‍ഡെയ്‌റോ, ഫിഫയ്‌ക്ക് നിലവില്‍ കോടിക്കണക്കിന് ഡോളറിന്റെ കരുതല്‍ ധനശേഖരവും കടബാധ്യതയില്ലാത്ത സാമ്പത്തിക നിലയുമുണ്ടെന്ന് ചൂണ്ടിക്കാട്ടി.
ഫിഫയിലെ 211 അംഗരാജ്യങ്ങളും ഈ നിര്‍ദേശം സൂക്ഷ്മമായി പഠിച്ച ശേഷമേ തീരുമാനമെടുക്കാവൂവെന്നും കോര്‍ഡെയ്‌റോ ആവശ്യപ്പെട്ടു. ഫുട്‌ബോളിന്റെ താല്‍പര്യത്തിനല്ല, സാമ്പത്തിക ലാഭം ലക്ഷ്യമിടുന്നവര്‍ക്ക് വേണ്ടിയാണ് ഈ പദ്ധതി മുന്നോട്ടുവയ്‌ക്കുന്നതെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. 2021 മുതല്‍ ഇന്‍ഫാന്റിനോയുടെ മുതിര്‍ന്ന ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിരുന്ന കോര്‍ഡെയ്‌റോ, ഫുട്‌ബോളിന്റെ ആഗോള വളര്‍ച്ചയ്‌ക്കായുള്ള തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നു. അമേരിക്കന്‍ സോക്കര്‍ ഫെഡറേഷന്റെ മുന്‍ പ്രസിഡന്റും ഗോള്‍ഡ്മാന്‍ സാക്‌സിന്റെ മുന്‍ വൈസ് ചെയര്‍മാനുമാണ് അദ്ദേഹം.
അതേസമയം, സെപ്റ്റംബര്‍ 19-നകം ഫിഫയിലെ 211 അംഗരാജ്യങ്ങളും ഈ വിവാദ നിര്‍ദേശത്തില്‍ നിലപാട് അറിയിക്കണമെന്നാണ് ഇന്‍ഫാന്റിനോയുടെ നിര്‍ദേശം. യുവേഫയും കോണ്‍കാകാഫും ഇതിനകം പദ്ധതിക്കെതിരെ രംഗത്തെത്തിയ സാഹചര്യത്തില്‍, കോര്‍ഡെയ്‌റോയുടെ രാജി ഫിഫയ്‌ക്കും ഇന്‍ഫാന്റിനോയ്‌ക്കും കൂടുതല്‍ സമ്മര്‍ദം സൃഷ്ടിക്കുന്ന സംഭവമായാണ് വിലയിരുത്തപ്പെടുന്നത്.















