ന്യൂയോര്‍ക്ക്: ലോകകപ്പുള്‍പ്പെടെയുള്ള ഫിഫ ടൂര്‍ണമെന്റുകളുടെ വാണിജ്യാവകാശങ്ങള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് കൈമാറാനുള്ള ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുടെ നീക്കത്തിനെതിരായ പ്രതിഷേധം ശക്തമാകുന്നു. 55 അംഗരാജ്യങ്ങളുള്ള യുവേഫ കടുത്ത എതിര്‍പ്പ് അറിയിച്ചതിന് പിന്നാലെ, വടക്കേ അമേരിക്കന്‍ ഫുട്‌ബോള്‍ ഭരണസമിതിയായ കോണ്‍കാകാഫും പദ്ധതിയെ തള്ളിക്കളഞ്ഞു.
അമേരിക്ക, മെക്‌സിക്കോ, കാനഡ ഉള്‍പ്പെടെ 41 അംഗരാജ്യങ്ങളുള്ള കോണ്‍കാകാഫ് പ്രസിഡന്റുമാരുടെ യോഗത്തിലാണ് ഫിഫയുടെ നിര്‍ദ്ദേശം അംഗീകരിക്കില്ലെന്ന് തീരുമാനിച്ചത്. 2026 ലോകകപ്പിന്റെ സംയുക്ത ആതിഥേയരായ അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നിവയും ഫിഫയുടെ നീക്കത്തിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
ലോകകപ്പ് ഉള്‍പ്പെടെയുള്ള ഫിഫ ടൂര്‍ണമെന്റുകളുടെ വാണിജ്യാവകാശങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി 20 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള പുതിയ കമ്പനി രൂപീകരിക്കാനാണ് ഫിഫയുടെ പദ്ധതി. ഇതിന്റെ 20 ശതമാനം ഓഹരികള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് കൈമാറാനും നിര്‍ദേശമുണ്ട്.
പദ്ധതിക്ക് അംഗീകാരം നല്‍കുന്ന പക്ഷം ഫിഫയിലെ 211 അംഗരാജ്യങ്ങള്‍ക്കും 20 മില്യണ്‍ ഡോളര്‍ വീതം നല്‍കുമെന്ന് ഇന്‍ഫാന്റിനോ വാഗ്ദാനം ചെയ്തിട്ടുണ്ട്. സെപ്റ്റംബര്‍ മധ്യത്തോടെ അംഗരാജ്യങ്ങള്‍ നിലപാട് അറിയിക്കണമെന്നും ഫിഫ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ഈ നീക്കം ഫുട്‌ബോളിന്റെ സ്വാതന്ത്ര്യത്തിനും ഭരണഘടനാപരമായ സുതാര്യതയ്‌ക്കും തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിവിധ ഭൂഖണ്ഡ ഫുട്‌ബോള്‍ സംഘടനകള്‍ എതിര്‍പ്പ് ശക്തമാക്കുന്നത്. നേരത്തെ യുവേഫ പദ്ധതിക്കെതിരെ ശക്തമായി രംഗത്തെത്തുകയും, ആവശ്യമെങ്കില്‍ ഭാവിയിലെ ഫിഫ ടൂര്‍ണമെന്റുകള്‍ ബഹിഷ്‌കരിക്കുന്നതടക്കമുള്ള നടപടികള്‍ പരിഗണിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
കോണ്‍കാകാഫും എതിര്‍പ്പ് പ്രഖ്യാപിച്ചതോടെ ഇന്‍ഫാന്റിനോയുടെ വിവാദ പദ്ധതിക്ക് കൂടുതല്‍ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. 211 അംഗരാജ്യങ്ങളുടെ പിന്തുണ നേടാനുള്ള ഫിഫയുടെ ശ്രമത്തിന് മുന്നില്‍ ശക്തമായ പ്രതിരോധമാണ് രൂപപ്പെടുന്നത്.















