ന്യൂഡൽഹി: ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പ്പെട്ടു. ഇതേ തുടർന്നുണ്ടായ ശക്തമായ കുലുക്കത്തിൽ പ്പെട്ട് (Turbulence) 10 യാത്രക്കാർക്കും നാല് ജീവനക്കാർക്കും പരിക്കേറ്റു. എയർ ഇന്ത്യയുടെ AI2379 വിമാനത്തിലാണ് സംഭവം.
സംഭവത്തിന് പിന്നാലെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ അടിയന്തര മെഡിക്കൽ സംഘത്തെ സജ്ജമാക്കിയിരുന്നു. വിമാനം സുരക്ഷിതമായി ഡൽഹിയിൽ ഇറക്കിയിതിന് പിന്നാലെ പരിക്കേറ്റ യാത്രക്കാരെയും ജീവനക്കാരെയും വിമാനത്താവളത്തിലെ മെഡിക്കൽ കേന്ദ്രത്തിലേക്ക് മാറ്റി.
വിമാനത്തിന്റെ പൈലറ്റ് യാത്രയ്‌ക്കിടെ വിമാനം ഏകദേശം 300 അടി താഴേക്ക് നീങ്ങിയതായി റിപ്പോർട്ട് ചെയ്തിരുന്നു. യാത്രയ്‌ക്കിടെ ചെറിയ സമയത്തേക്ക് ടർബുലൻസ് അനുഭവപ്പെട്ടെന്നും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തെന്നും കമ്പനി അറിയിച്ചു.
“യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് പ്രധാന പരിഗണന. പരിക്കേറ്റവർക്ക് ആവശ്യമായ സഹായം നൽകുന്നുണ്ട്. സംഭവത്തിൽ ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് അന്വേഷണം നടത്തും,” എയർ ഇന്ത്യ വ്യക്തമാക്കി.















