ലണ്ടൻ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചാറ്റ്ബോട്ട് ഉപയോഗിച്ച് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ (ഐഎസ്) ചേരാനുള്ള മാർഗം തേടിയ യുവാവിനെതിരെ ബ്രിട്ടനിൽ വിചാരണ. ഐഎസിൽ ചേരുന്നതിനായി സൊമാലിയയിലേക്ക് യാത്ര ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് 22കാരനായ മുഹമ്മദ് മൊഹമൂദ് വിൻചെസ്റ്റർ ക്രൗൺ കോടതിയിൽ വിചാരണ നേരിടുന്നത്. ഐഎസിൽ ചേരാനായി മൊഹമൂദ്, ടിക് ടോക്ക്, ടെലഗ്രാം എന്നിവയിലൂടെ ഐഎസ് റിക്രൂട്ടർമാരുമായി ബന്ധപ്പെട്ടിരുന്നു എന്ന് കോടതിയിൽ പ്രോസിക്യൂഷൻ വ്യക്തമാക്കി.
ഐഎസിന്റെ സൊമാലിയൻ വിഭാഗത്തിൽ ചേരുന്നതിനായിരുന്നു മൊഹമൂദിന്റെ ലക്ഷ്യം. “‘ജിഹാദ് ചെയ്യണമെന്നായിരുന്നു’ ആഗ്രഹം. എന്നാൽ സൊമാലിയൻ സൈന്യത്തിന്റെ ഭീകരവിരുദ്ധ നടപടികൾ ശക്തമായതിനാൽ ഐഎസ് താവളങ്ങളിലേക്ക് എത്തിനുള്ള പദ്ധതി പൊളിയുകയായിരുന്നു.
ഐഎസിൽ ചേരാനുള്ള ശ്രമങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഇയാളുടെ മൊബൈൽ ഫോണുകളിൽ നിന്ന് ലഭിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ പറഞ്ഞു. 2024 ഒക്ടോബർ 1 മുതൽ 2025 മാർച്ച് 5 വരെ ഭീകരപ്രവർത്തനങ്ങൾക്ക് തയ്യാറെടുപ്പ് നടത്തിയെന്ന കുറ്റമാണ് മൊഹമൂദിനെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ വിചാരണ തുടരുകയാണ്.















