ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസിനായി സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയിലെത്തിയ അഞ്ച് ബോക്സര്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്. നാല് ഉഗാണ്ടന്‍ ബോക്സര്‍മാരെയും ഒരു പാകിസ്താന്‍ താരത്തെയുമാണ് കാണാതായിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സ്‌കോട്‌ലന്‍ഡ് പൊലീസ് അറിയിച്ചു. പാകിസ്താന്‍ ബോക്സര്‍ ഖുദ്‌റത്തുള്ളയെ കഴിഞ്ഞ ദിവസമാണ് കാണാതായത്. യു.കെയില്‍ തുടരാനായി അദ്ദേഹം മനഃപൂര്‍വം സംഘത്തില്‍ നിന്ന് വിട്ടുമാറിയതാകാമെന്നാണ് പ്രാഥമിക നിഗമനം.
കോമണ്‍വെല്‍ത്ത് ഗെയിംസ് പൂര്‍ത്തിയാക്കി പാകിസ്താന്‍ സംഘം നാട്ടിലേക്ക് മടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെയാണ് താരത്തെ കാണാതായത്. താരത്തിന്റെ പാസ്പോര്‍ട്ട് ഇപ്പോഴും ടീം മാനേജറുടെ കൈവശമാണെന്നാണ് റിപ്പോര്‍ട്ട്. ഖുദ്‌റത്തുള്ളയെ കണ്ടെത്താന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. പാകിസ്താന്‍ ടീമുമായി ബന്ധപ്പെട്ട് ഇത്തരമൊരു സംഭവം മുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
2022-ലെ ബര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ ബോക്സര്‍മാരായ സുലൈമാന്‍ ബലൂച്ച്, നസീറുള്ള ഖാന്‍ എന്നിവരെയും കാണാതായിരുന്നു. അതിന് പിന്നാലെ, ഇറ്റലിയില്‍ നടന്ന ഒളിമ്പിക് യോഗ്യതാ മത്സരത്തിനിടെ ഏഷ്യന്‍ സ്വര്‍ണ മെഡല്‍ ജേതാവായ സുഹൈബ് റഷീദും സംഘത്തില്‍ നിന്ന് വിട്ടുമാറിയിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ തിരിച്ചെത്തിയിരുന്നു. അഞ്ച് താരങ്ങളുടെ തിരോധാനവുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും സ്‌കോട്‌ലന്‍ഡ് പൊലീസ് വ്യക്തമാക്കി.
കാണാതായ താരങ്ങള്‍ എവിടെയാണെന്നതിലും അവര്‍ മനഃപൂര്‍വം രാജ്യം വിട്ടതാണോയെന്നതിലും വ്യക്തത വരേണ്ടതുണ്ടെന്നാണ് അധികൃതരുടെ പ്രതികരണം.















