ന്യൂഡൽഹി: ഡീപ്ഫേക്കുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് സൃഷ്ടിക്കുന്ന വ്യാജ ഉള്ളടക്കങ്ങളും നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ഐടി ചട്ടങ്ങൾ കൂടുതൽ കർശനമാക്കി. പുതുക്കിയ ഇൻഫർമേഷൻ ടെക്നോളജി (ഐടി) നിയമങ്ങൾ പ്രകാരം, കോടതി അല്ലെങ്കിൽ ബന്ധപ്പെട്ട സർക്കാർ അതോറിറ്റി നിയമവിരുദ്ധമെന്ന് കണ്ടെത്തുന്ന ഉള്ളടക്കം 36 മണിക്കൂറിനുള്ളിൽ നീക്കണമെന്ന വ്യവസ്ഥ 3 മണിക്കൂറായി ചുരുക്കി.
സൈബർ സുരക്ഷയും ഡിജിറ്റൽ വിശ്വാസ്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ചട്ടങ്ങൾ നടപ്പിലാക്കിയത്. എഐ ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഓഡിയോ, വീഡിയോ, ചിത്രം, ടെക്സ്റ്റ് എന്നിവ ഉൾപ്പെടെയുള്ള ഡീപ്ഫേക്ക് ഉള്ളടക്കങ്ങളുടെ വ്യാപനം തടയുകയാണ് ലക്ഷ്യം.
പുതിയ ചട്ടങ്ങൾ പ്രകാരം എഐ ഉപയോഗിച്ച് സൃഷ്ടിച്ചതോ എഡിറ്റ് ചെയ്തതോ ആയ എല്ലാ ഉള്ളടക്കങ്ങളിലും അത് തിരിച്ചറിയാൻ കഴിയുന്ന വ്യക്തമായ ലേബലും മെറ്റാഡാറ്റയും നിർബന്ധമാക്കി. ഉപയോക്താക്കൾക്ക് ഒറ്റനോട്ടത്തിൽ തന്നെ ഉള്ളടക്കം എഐ സൃഷ്ടിച്ചതാണോ എന്ന് തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ ദൃശ്യമായ ടാഗുകൾ ഉൾപ്പെടുത്തണമെന്നും നിർദേശമുണ്ട്.
നഗ്നത, ആൾമാറാട്ടം, ഡീപ്ഫേക്ക്, മറ്റ് ദോഷകരമായ എഐ സൃഷ്ടിച്ച ഉള്ളടക്കങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ രണ്ട് മണിക്കൂറിനുള്ളിൽ പരിഹരിക്കണമെന്നാണ് പുതിയ വ്യവസ്ഥ. നേരത്തെ ഇതിന് 24 മണിക്കൂർ വരെ സമയം അനുവദിച്ചിരുന്നു. ഡീപ്ഫേക്കുകളും നിയമവിരുദ്ധമായ എഐ ഉള്ളടക്കങ്ങളും കണ്ടെത്താനും തടയാനും ഓട്ടോമേറ്റഡ് സാങ്കേതിക സംവിധാനങ്ങൾ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകൾ നിർബന്ധമായും ഉപയോഗിക്കണം.
പുതിയ ചട്ടങ്ങൾ പാലിക്കാത്ത പ്ലാറ്റ്ഫോമുകൾക്ക് ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരമുള്ള ‘സേഫ് ഹാർബർ’ നിയമപരിരക്ഷ നഷ്ടമാകുമെന്നും കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി. അങ്ങനെ സംഭവിച്ചാൽ ഉപയോക്താക്കൾ പോസ്റ്റ് ചെയ്യുന്ന നിയമവിരുദ്ധ ഉള്ളടക്കങ്ങളുടെ ഉത്തരവാദിത്തം കമ്പനികൾക്കും നേരിട്ട് ബാധകമാകും.
2026 ഫെബ്രുവരി 10-ന് കേന്ദ്ര സർക്കാർ 2021-ലെ ഐടി നിയമങ്ങൾ ഭേദഗതി ചെയ്ത് എഐ സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങൾ വ്യക്തമായി അടയാളപ്പെടുത്താനുള്ള വ്യവസ്ഥകൾ ശക്തമാക്കിയിരുന്നു. അതിന്റെ തുടർച്ചയായാണ് ഇപ്പോൾ സമയപരിധികൾ കുറച്ചും നിരീക്ഷണ സംവിധാനങ്ങൾ കൂടുതൽ കർശനമാക്കിയും പുതിയ ചട്ടങ്ങൾ നടപ്പിലാക്കിയത്.















