പൊലീസുകാരനെ കടിച്ചു; മെഹബൂബ മുഫ്തിയുടെ മകൾക്കെതിരെ പൊലീസ് കേസ്

Published by
ജനം വെബ്‌ഡെസ്ക്

ശ്രീനഗർ: ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370  റദ്ദാക്കിയതിനെതിരായ പ്രതിഷേധത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ആക്രമിച്ച കേസിൽ പിഡിപി  നേതാവ് ഇൽത്തിജ മുഫ്തിക്കെതിരെ ശ്രീനഗർ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. മെഹബൂബ മുഫ്തിയുടെ മകളാണ് ഇൽത്തിജ മുഫ്തി.

ഓഗസ്റ്റ് 4-ന് ശ്രീനഗറിലെ എസ്.കെ. പാർക്കിൽ മെഹബൂബ മുഫ്തിയുടെയും ഇൽത്തിജ മുഫ്തിയുടെയും നേതൃത്വത്തിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തിനിടെ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ച് പ്രതിഷേധക്കാർ റെസിഡൻസി റോഡ് വഴി ലാൽചൗക്കിലേക്ക് നീങ്ങാൻ ശ്രമിക്കുകയായിരുന്നു.

ഇതിനിടെ സുരക്ഷയ്‌ക്കായി സ്ഥാപിച്ച ബാരിക്കേഡുകൾ നീക്കം ചെയ്യാനും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ തടയാനും പ്രതിഷേധക്കാർ ശ്രമിച്ചതോടെ സംഘർഷമുണ്ടായി. ഈ സംഘർഷത്തിനിടെയാണ് ഇൽത്തിജ മുഫ്തി ഒരു പോലീസുകാരനെ കൈയിൽ കടിച്ച് പരിക്കേൽപ്പിച്ചത്. പരിക്കേറ്റ പോലീസുകാരനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.

സംഭവവുമായി ബന്ധപ്പെട്ട് ഭാരതീയ ന്യായ സംഹിത (BNS)യിലെ സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോട്ടിബാഗ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പോലീസ്, ഇൽത്തിജ മുഫ്തിയോട് അന്വേഷണത്തിന് ഹാജരാകാൻ സമൻസ് നൽകിയിട്ടുണ്ട്.

ഇൽത്തിജ മുഫ്തിയുടെ മുൻകാല ഹിന്ദുത്വ പരാമർശങ്ങളും വിവാദമായിരുന്നു. 2024 ഡിസംബറിൽ ഹിന്ദുത്വത്തെ “ഒരു രോഗം” എന്ന് വിശേഷിപ്പിച്ച ഇൽത്തിജ, അത് ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചിട്ടുണ്ടെന്നും വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രമാണെന്നും പറഞ്ഞിരുന്നു. ഈ പരാമർശം വ്യാപക വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

2019-ൽ നൽകിയ ഒരു അഭിമുഖത്തിൽ, കശ്മീരിനെ അടിച്ചമർത്താൻ ഇന്ത്യ പാകിസ്ഥാനെ ആയുധമായി ഉപയോഗിക്കുന്നുവെന്നും ഇന്ത്യ “ഹിന്ദു പാകിസ്ഥാനായി” മാറുകയാണെന്നും ഇൽത്തിജ മുഫ്തി ആരോപിച്ചിരുന്നു.

Share