ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബിജെപി എംപി രാഘവ് ഛദ്ദ നടത്തിയ അപ്രതീക്ഷിത കൂടിക്കാഴ്ച പഞ്ചാബ് രാഷ്‌ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. ശനിയാഴ്ച രാവിലെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെ ‘ഓര്‍ത്തുവെക്കാവുന്ന പ്രഭാതം’ എന്നാണ് ഛദ്ദ വിശേഷിപ്പിച്ചത്. കൂടിക്കാഴ്ചയില്‍ എന്താണ് ചര്‍ച്ച ചെയ്തതെന്ന് ഛദ്ദ വ്യക്തമാക്കിയില്ല. എന്നാല്‍ വിശദവും ഏറെ പ്രയോജനപ്രദവുമായ കൂടിക്കാഴ്ചയായിരുന്നുവെന്നും പ്രധാനമന്ത്രിയുടെ സമയം ലഭിച്ചതിലും അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളും കാഴ്ചപ്പാടുകളും അറിയാന്‍ കഴിഞ്ഞതിലും നന്ദിയുണ്ടെന്നും ഛദ്ദ പ്രതികരിച്ചു.
പഞ്ചാബിലെ നിലവിലെ രാഷ്‌ട്രീയ സാഹചര്യവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായി റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പഞ്ചാബില്‍ ബിജെപി രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയ സാഹചര്യത്തിലാണ് കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്. ഈ വര്‍ഷം ഏപ്രിലിലാണ് ആം ആദ്മി പാര്‍ട്ടിയില്‍നിന്ന് വിട്ടുനിന്ന രാഘവ് ഛദ്ദ ഉള്‍പ്പെടെ ഏഴ് രാജ്യസഭാ എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നത്. ഏഴ് പേരില്‍ ആറ് പേരും പഞ്ചാബില്‍ നിന്നുള്ളവരാണ്.
ആം ആദ്മി പാര്‍ട്ടിയുടെ തുടക്കം മുതല്‍ ഒപ്പമുണ്ടായിരുന്ന ഛദ്ദ, 2022ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും സംസ്ഥാനത്ത് എഎപിയുടെ ചരിത്രവിജയത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ബിജെപിയുടെ ഭാഗമായതോടെ പഞ്ചാബില്‍ ഛദ്ദയ്‌ക്ക് കൂടുതല്‍ സജീവമായ രാഷ്‌ട്രീയ ചുമതല ലഭിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. പഞ്ചാബിലെ തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തെക്കുറിച്ചുള്ള പരിചയത്തിനൊപ്പം ജലന്ധറുമായി കുടുംബബന്ധമുള്ളതും നഗരമേഖലകളിലെ സ്വാധീനവും ബിജെപിക്ക് ഗുണകരമാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങളുടെ പ്രതീക്ഷ.
എഎപിയില്‍നിന്ന് ബിജെപിയിലേക്ക് എത്തിയ ഛദ്ദയ്‌ക്ക് സംസ്ഥാനത്ത് നിര്‍ണായക ചുമതല നല്‍കാനുള്ള സാധ്യതയും രാഷ്‌ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെയാണ് മോദിയുമായുള്ള കൂടിക്കാഴ്ച.















