തിരുവനന്തപുരം: വിദ്യാര്‍ഥികളിലെ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്തുന്നതിനായി സംസ്ഥാനതല സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ.). കേരള ക്രിക്കറ്റ് ലീഗിന്റെ തുടര്‍ച്ചയായാണ് സംസ്ഥാനത്തെ സ്‌കൂള്‍ ടീമുകളെ പങ്കെടുപ്പിച്ച് വിപുലമായ ചാമ്പ്യന്‍ഷിപ്പ് നടത്തുന്നത്.
ജില്ലാതല മത്സരങ്ങളോടെയാണ് ടൂര്‍ണമെന്റിന് തുടക്കമാകുക. തുടര്‍ന്ന് മേഖലാതലത്തിലോ എല്ലാ ജില്ലകളെയും ഉള്‍പ്പെടുത്തിയുള്ള നോക്കൗട്ട് ഘട്ടത്തിലോ മത്സരങ്ങള്‍ നടത്തും. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ആരംഭിച്ച് ജനുവരിയോടെ ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാനാണ് കെ.സി.എയുടെ ലക്ഷ്യം. എല്ലാ വര്‍ഷവും ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.
സംസ്ഥാന, സി.ബി.എസ്.ഇ. സിലബസുകളില്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികളടങ്ങിയ സ്‌കൂള്‍ ടീമുകള്‍ക്ക് പങ്കെടുക്കാം. മികച്ച പ്രകടനം നടത്തുന്ന താരങ്ങള്‍ക്ക് കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എല്‍.) ടീമുകളില്‍ അവസരം ലഭിക്കുന്ന തരത്തിലാകും പദ്ധതി.
കെ.സി.എല്‍. താരങ്ങള്‍ കുട്ടികള്‍ക്ക് പരിശീലനവും മാര്‍ഗനിര്‍ദേശവും നല്‍കും. മികച്ച സ്‌കൂളുകളില്‍ നെറ്റ് പ്രാക്ടീസ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും കെ.സി.എ. സഹായിക്കും. പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും നല്‍കും.
മികവ് തെളിയിക്കുന്ന താരങ്ങള്‍ക്ക് അടുത്ത സീസണില്‍ കെ.സി.എല്‍. ലിറ്റില്‍ സ്റ്റാര്‍ പദ്ധതിയിലേക്കും അവസരം ലഭിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രതിഭകളെ സ്‌കൂള്‍ തലത്തില്‍ തന്നെ കണ്ടെത്തി വളര്‍ത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.