ഹൈദരാബാദ്: അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇന്ത്യക്കെതിരായ ടി20 പരമ്പരയുടെ തീയതികള്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യ-ബംഗ്ലാദേശ് പരമ്പര അനിശ്ചിതത്വത്തിലായി. സെപ്റ്റംബര്‍ 13, 15, 17 തീയതികളിലാണ് ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മൂന്ന് മത്സര ടി20 പരമ്പര. മൂന്ന് മത്സരങ്ങളും ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് നടക്കുക.
ബുധനാഴ്ച സമൂഹമാധ്യമത്തിലൂടെയാണ് അഫ്ഗാനിസ്ഥാന്‍ പരമ്പരയുടെ മത്സരക്രമം പ്രഖ്യാപിച്ചത്. നേരത്തെ സെപ്റ്റംബര്‍ 1 മുതല്‍ 13 വരെ ഇന്ത്യ-ബംഗ്ലാദേശ് ആറ് മത്സരങ്ങളടങ്ങിയ വൈറ്റ്-ബോള്‍ പരമ്പര നടത്താനാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പദ്ധതിയിട്ടിരുന്നത്. അഫ്ഗാനിസ്ഥാന്‍ പരമ്പരയിലെ മത്സരങ്ങള്‍ ഈ സമയക്രമവുമായി ഏറ്റുമുട്ടുന്നതിനാല്‍ ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയുടെ നടത്തിപ്പ് പ്രതിസന്ധിയിലായിരിക്കുകയാണ്.
2025 ഓഗസ്റ്റില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം രാജ്യത്തെ രാഷ്‌ട്രീയ അസ്ഥിരതയും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷവും കണക്കിലെടുത്താണ് മാറ്റിവച്ചത്. പിന്നീട് ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് ബന്ധത്തില്‍ കൂടുതല്‍ വിള്ളലുണ്ടാകുന്ന സംഭവങ്ങളും അരങ്ങേറി. 2026ലെ ടി20 ലോകകപ്പിനിടെയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇന്ത്യയില്‍ നടന്ന ലോകകപ്പിലെ മത്സരങ്ങള്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ കളിക്കാന്‍ ബംഗ്ലാദേശ് വിസമ്മതിച്ചിരുന്നു. ഇതോടെ ടൂര്‍ണമെന്റില്‍നിന്ന് ബംഗ്ലാദേശിനെ ഒഴിവാക്കുകയും ചെയ്തു.
അതേസമയം, ഇന്ത്യ ഓഗസ്റ്റ് 15 മുതല്‍ ശ്രീലങ്കയ്‌ക്കെതിരെ രണ്ട് ടെസ്റ്റുകളുടെ പരമ്പര കളിക്കും. ബംഗ്ലാദേശ് ഓസ്ട്രേലിയക്കെതിരെയും രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ ഏറ്റുമുട്ടും.
ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പര
ഒന്നാം ടി20: സെപ്റ്റംബര്‍ 13
രണ്ടാം ടി20: സെപ്റ്റംബര്‍ 15
മൂന്നാം ടി20: സെപ്റ്റംബര്‍ 17