പബ് പൊളിച്ച് പള്ളിയാക്കാൻ നീക്കം; ബ്രിട്ടനിലെ നോർവിച്ചിൽ പ്രതിഷേധവുമായി നാട്ടുകാർ

Published by
ജനം വെബ്‌ഡെസ്ക്

നോർവിച്ച്: ബ്രിട്ടനിലെ നോർവിച്ചിൽ ചരിത്രപ്രാധാന്യമുള്ള പബ് കെട്ടിടം മുസ്ലിം പള്ളിയാക്കി മാറ്റാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം. ഡെറെഹാം റോഡിലുള്ള ‘ദ ഗേറ്റ്ഹൗസ്’ എന്ന ഗ്രേഡ്-2 പട്ടികയിലുള്ള പബ് കെട്ടിടം പള്ളിയാക്കി മാറ്റുന്നതിനുള്ള പദ്ധതിയാണ് നോർവിച്ച് മുസ്ലിം സെന്റർ (NMC) സിറ്റി കൗൺസിലിന് മുന്നിൽ സമർപ്പിച്ചിരിക്കുന്നത്.

പുരുഷന്മാർക്കും സ്ത്രീകൾക്കുമായി പ്രത്യേകം പ്രാർഥനാ ഹാളുകൾ ഉൾപ്പെടുന്ന പള്ളിയാണ് പദ്ധതിയിലുള്ളത്. മദ്രസ, ഹിഫ്‌സ് മദ്രസ, ഇസ്ലാമിക പഠന ക്ലാസുകൾ എന്നിവയ്‌ക്കുള്ള സൗകര്യങ്ങളും ഒരുക്കാനാണ് നിർദേശം. കെട്ടിടം സ്വന്തമാക്കുന്നതിനായി 10 ശതമാനം തുക മുൻകൂറായി നൽകിയതായും പദ്ധതി പൂർത്തിയാക്കാൻ 8 ലക്ഷം പൗണ്ട് കൂടി സമാഹരിക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

1934ൽ നിർമിച്ച പബ് ഉടമയുടെ മരണത്തെ തുടർന്ന് 2023ലാണ് അടച്ചുപൂട്ടിയത്. നോർവിച്ചിൽ നിലവിലുള്ള നാല്, അഞ്ച് മുസ്ലിം പള്ളികളിൽ സ്ഥലപരിമിതി നേരിടുന്നുണ്ടെന്നും ആരാധനയ്‌ക്കൊപ്പം അടുത്ത തലമുറയ്‌ക്ക് ഇസ്ലാമിക വ്യക്തിത്വം വളർത്തുന്നതിനുള്ള കേന്ദ്രമായി പുതിയ കെട്ടിടം മാറ്റുകയാണ് ലക്ഷ്യമെന്നും NMC ട്രസ്റ്റി സിറാജുൽ ഇസ്ലാം പറഞ്ഞു.

അതേസമയം, പദ്ധതിക്കെതിരെ സിറ്റി കൗൺസിലിന്റെ പ്ലാനിങ് പോർട്ടലിൽ നിരവധി പ്രദേശവാസികൾ എതിർപ്പ് രേഖപ്പെടുത്തി. നഗരത്തിൽ നിലവിൽ തന്നെ ആവശ്യത്തിന് പള്ളികളുണ്ടെന്നും പബുകളുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ഒരു ജനപ്രിയ പബ് കൂടി ഇല്ലാതാകുന്നത് അംഗീകരിക്കാനാകില്ലെന്നുമാണ് വിമർശനം.

പബ് പ്രാദേശിക സമൂഹത്തിന്റെ ഒത്തുചേരലിനുള്ള പ്രധാന ഇടമായിരുന്നുവെന്നും സംഗീതം, സാമൂഹിക പരിപാടികൾ, പബ് ഗെയിമുകൾ തുടങ്ങിയവയ്‌ക്കായി നിരവധി പേർ ഉപയോഗിച്ചിരുന്നുവെന്നും ചിലർ ചൂണ്ടിക്കാട്ടി. പള്ളിയാകുന്നതോടെ ഗതാഗതവും ആളുകളുടെ വരവും വർധിക്കുമെന്ന ആശങ്കയും പ്രദേശവാസികൾ ഉന്നയിച്ചിട്ടുണ്ട്.

 

Share