ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ സ്ഥാനത്തെച്ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ക്ക് തല്‍ക്കാലം വിരാമം. മോശം പ്രകടനങ്ങള്‍ തുടരുമ്പോഴും ഗംഭീറിനെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റാന്‍ ബിസിസിഐ നിലവില്‍ ആലോചിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ 2027ലെ ഏകദിന ലോകകപ്പ് വരെ ഗംഭീര്‍ തന്നെ ടീമിനൊപ്പം തുടരാനാണ് സാധ്യത. മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ സമീപകാല പ്രകടനങ്ങള്‍ ഗംഭീറിന് വലിയ സമ്മര്‍ദം സൃഷ്ടിച്ചിരുന്നു. ഇന്ത്യയില്‍ നടന്ന ടെസ്റ്റ് പരമ്പരകളില്‍ ന്യൂസിലന്‍ഡിനോടും ദക്ഷിണാഫ്രിക്കയോടും നേരിട്ട തോല്‍വിയും വിമര്‍ശനങ്ങള്‍ക്ക് കാരണമായി.
എന്നാല്‍ ഗംഭീറിനെ മാറ്റുന്നതിന് പകരം നിലവിലെ സാഹചര്യത്തില്‍ അദ്ദേഹത്തിന് കൂടുതല്‍ സമയം നല്‍കണമെന്നാണ് ബിസിസിഐയുടെ നിലപാട്. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, രവിചന്ദ്രന്‍ അശ്വിന്‍ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ വിരമിച്ചതിന് പിന്നാലെ ഇന്ത്യന്‍ ടെസ്റ്റ് ടീം വലിയ തലമുറ മാറ്റത്തിലൂടെയാണ് കടന്നുപോകുന്നത്. ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ പുതിയൊരു ടെസ്റ്റ് ടീമിനെ വാര്‍ത്തെടുക്കുന്ന ഘട്ടമാണിത്. ഈ മാറ്റത്തിനിടെ ഉണ്ടാകുന്ന തിരിച്ചടികള്‍ സ്വാഭാവികമാണെന്നാണ് ബിസിസിഐ വിലയിരുത്തുന്നത്.
പുതിയ താരങ്ങളെ ഉള്‍പ്പെടുത്തി ശക്തമായ ടീമിനെ ഒരുക്കാന്‍ പരിശീലക സംഘത്തിന് സമയം ആവശ്യമാണെന്നും ബോര്‍ഡ് കരുതുന്നു. പ്രധാന താരങ്ങള്‍ക്ക് തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നതും ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്‌ക്കിടെ ശുഭ്മന്‍ ഗില്ലിന് പരിക്കേറ്റത് വലിയ തിരിച്ചടിയായിരുന്നു. വരാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ ജസ്പ്രീത് ബുംറ, സായ് സുദര്‍ശന്‍, വാഷിങ്ടണ്‍ സുന്ദര്‍ തുടങ്ങിയ പ്രധാന താരങ്ങള്‍ പരിക്കിനെ തുടര്‍ന്ന് ടീമിലില്ലാത്തതും ബിസിസിഐ പരിഗണിക്കുന്നുണ്ട്.
അതിനാല്‍ നിലവിലെ മോശം ഫലങ്ങള്‍ക്ക് ഗംഭീറിനെ മാത്രം ഉത്തരവാദിയാക്കേണ്ടതില്ലെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍. ബംഗളുരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ വിവിഎസ് ലക്ഷ്മണ്‍ നിലവിലെ ചുമതലയില്‍ സംതൃപ്തനാണെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. അതിനാല്‍ തല്‍ക്കാലം അദ്ദേഹത്തെ സ്ഥിരം പരിശീലകനായി മാറ്റി നിയമിക്കേണ്ട സാഹചര്യമില്ലെന്നും ബോര്‍ഡ് കരുതുന്നു. ശ്രീലങ്കന്‍ പര്യടനം മുതല്‍ ലക്ഷ്മണിനെ ടെസ്റ്റ് ടീമിന്റെ മുഖ്യ പരിശീലകനാക്കുമെന്ന തരത്തില്‍ നേരത്തെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത്തരമൊരു മാറ്റത്തിന് സാധ്യത കുറവാണ്. അതായത്, തിരിച്ചടികള്‍ക്കിടയിലും ഗംഭീറിന് ബിസിസിഐയുടെ പിന്തുണ തുടരുകയാണ്. ടെസ്റ്റ് ടീമിന്റെ തലമുറ മാറ്റം വിജയകരമായി പൂര്‍ത്തിയാക്കുന്നതിനൊപ്പം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ 2027 ലോകകപ്പിന് മുന്നോടിയായി ടീമിനെ ശക്തിപ്പെടുത്തുകയാണ് ഇനി ഗംഭീറിന് മുന്നിലുള്ള പ്രധാന ദൗത്യം.















