കൊച്ചി: മഞ്ഞുമ്മലിൽ സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യുവാവ് പുഴയിൽ ചാടി ജീവനൊടുക്കി. കളമശ്ശേരി സ്വദേശി ആന്റണി ഡാനിയേൽ (25) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
സുഹൃത്തുക്കൾ മാത്രം ഉൾപ്പെട്ട സ്വകാര്യ സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് ആന്റണി ഡാനിയേൽ വീഡിയോ പോസ്റ്റ് ചെയ്തത്. ചെറുപ്പകാലത്തുണ്ടായ ചില സംഭവങ്ങൾ മാനസികമായി ഏറെ പ്രയാസപ്പെടുത്തിയിരുന്നുവെന്ന് വീഡിയോയിൽ യുവാവ് പറയുന്നുണ്ട്. തന്റെ മരണത്തിൽ മറ്റാർക്കും പങ്കില്ലെന്നും വീഡിയോയിൽ വ്യക്തമാക്കിയിരുന്നു.
വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ അന്വേഷണത്തിലാണ് യുവാവ് പുഴയിൽ ചാടിയതായി വിവരം ലഭിച്ചത്. തുടർന്ന് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി വ്യാപകമായി തിരച്ചിൽ നടത്തി. തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കളമശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയും പൊലീസ് പരിശോധിച്ചുവരികയാണ്.















