ആംസ്റ്റര്‍ഡാം: നെതര്‍ലന്‍ഡ്സ് ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകനായി സ്‌പെയിനിന്റെ മുന്‍ ഇതിഹാസ താരം സാവി ഹെര്‍ണാണ്ടസ് ചുമതലയേറ്റു. കഴിഞ്ഞ ദിവസമാണ് ഡച്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ നെതര്‍ലന്‍ഡ്സ് ടീമിന്റെ പരിശീലക സ്ഥാനത്തെത്തുന്ന ആദ്യ വിദേശിയാണ് സാവി. 1977-78 കാലഘട്ടത്തില്‍ ഡച്ച് ടീമിനെ പരിശീലിപ്പിച്ച ഓസ്ട്രിയന്‍ പരിശീലകന്‍ ഏണസ്റ്റ് ഹാപ്പലിന് ശേഷം ഈ സ്ഥാനത്തെത്തുന്ന ആദ്യ വിദേശ പരിശീലകനാണ് 46-കാരനായ സാവി.
2026 ലോകകപ്പിന് ശേഷം സ്ഥാനമൊഴിഞ്ഞ റൊണാള്‍ഡ് കോമാന്റെ പിന്‍ഗാമിയായാണ് സാവി എത്തുന്നത്. 2030ലെ ലോകകപ്പ് വരെയാണ് ഡച്ച് ഫുട്‌ബോള്‍ ഫെഡറേഷനുമായി സാവിയുടെ കരാര്‍. 2024 മേയില്‍ ബാഴ്‌സലോണ പരിശീലക സ്ഥാനമൊഴിഞ്ഞതിന് ശേഷം വിശ്രമത്തിലായിരുന്ന സാവി ഇതോടെ വീണ്ടും പരിശീലക കുപ്പായത്തില്‍ തിരിച്ചെത്തുകയാണ്. ”ഞാന്‍ ഡച്ച് ഫുട്‌ബോളിന്റെ ഒരു മകനാണെന്ന് വേണമെങ്കില്‍ പറയാം,” എന്നായിരുന്നു സാവിയുടെ പ്രതികരണം.
യൊഹാന്‍ ക്രൈഫ്, റിനസ് മിഷേല്‍സ് തുടങ്ങിയ ഡച്ച് ഫുട്‌ബോള്‍ ഇതിഹാസങ്ങളുടെ ആശയങ്ങള്‍ വലിയ സ്വാധീനം ചെലുത്തിയ ബാഴ്‌സലോണ അക്കാദമിയിലൂടെയാണ് സാവി വളര്‍ന്നത്. കരിയറില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ ലൂയി വാന്‍ ഗാല്‍, ഫ്രാങ്ക് റൈക്കാര്‍ഡ് എന്നീ ഡച്ച് പരിശീലകരെയും സാവി അനുസ്മരിച്ചു. ആക്രമണ ഫുട്‌ബോളും പന്ത് കൈവശം വെച്ചുള്ള കളിയുമാണ് ഡച്ച് ഫുട്‌ബോളിന്റെ പാരമ്പര്യ ശൈലിയില്‍ തന്നെ ഏറ്റവും ആകര്‍ഷിച്ചതെന്ന് സാവി വ്യക്തമാക്കി. ടീമിനെ വിജയങ്ങളിലേക്ക് നയിക്കുന്നതിനൊപ്പം ആരാധകര്‍ക്ക് ആസ്വദിക്കാനാകുന്ന ഫുട്‌ബോള്‍ കളിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
2010ലെ ലോകകപ്പ് ഫൈനലില്‍ നെതര്‍ലന്‍ഡ്സിനെ പരാജയപ്പെടുത്തി കിരീടം നേടിയ സ്പാനിഷ് ടീമിലെ നിര്‍ണായക താരമായിരുന്നു സാവി. അന്ന് ഡച്ച് ടീമിനെതിരായ ലോകകപ്പ് ഫൈനലില്‍ കളിച്ച താരം തന്നെയാണ് ഇപ്പോള്‍ ഡച്ച് ടീമിന്റെ പരിശീലകനായി എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ബാഴ്‌സലോണയില്‍ 17 വര്‍ഷം കളിച്ച സാവി പിന്നീട് ഖത്തര്‍ ക്ലബ്ബായ അല്‍ സാദിലൂടെയാണ് പരിശീലക കരിയര്‍ ആരംഭിച്ചത്. ബാഴ്‌സലോണയിലും പരിശീലകനായി പ്രവര്‍ത്തിച്ച ശേഷമാണ് ഇപ്പോള്‍ ദേശീയ ടീമിന്റെ ചുമതല ഏറ്റെടുക്കുന്നത്.
ഡച്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ ഡയറക്ടറും മുന്‍ താരവുമായ നൈജല്‍ ഡി യോങ് സാവിയുടെ നിയമനത്തെ സ്വാഗതം ചെയ്തു. ആധുനിക ഫുട്‌ബോളിന് ആവശ്യമായ വഴക്കവും ആക്രമണാത്മകമായ കാഴ്ചപ്പാടും സാവിക്കുണ്ടെന്നും താരങ്ങളുമായി മികച്ച രീതിയില്‍ ആശയവിനിമയം നടത്താന്‍ അദ്ദേഹത്തിന് കഴിയുമെന്നും ഡി യോങ് വിലയിരുത്തി.
മൊറോക്കോയോട് തോറ്റ് 2026 ലോകകപ്പിന്റെ പ്രീ-ക്വാര്‍ട്ടറില്‍ പുറത്തായ നെതര്‍ലന്‍ഡ്സ് ടീമിനെ പുനരുജ്ജീവിപ്പിക്കുക എന്ന വലിയ ദൗത്യമാണ് സാവിക്ക് മുന്നിലുള്ളത്. ഡച്ച് ഫുട്‌ബോളിന്റെ പാരമ്പര്യവും ബാഴ്‌സലോണയുടെ പന്തടക്ക ശൈലിയും സ്പാനിഷ് ഫുട്‌ബോള്‍ തത്ത്വങ്ങളും ചേര്‍ത്ത് പുതിയൊരു ടീമിനെ സൃഷ്ടിക്കാനാകുമോയെന്നാണ് ഇനി ആരാധകര്‍ ഉറ്റുനോക്കുന്നത്.















