തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കേരളത്തിലുടനീളം 15,000 കേന്ദ്രങ്ങളില്‍ ദേശീയപതാക ഉയര്‍ത്തി ‘വന്ദേമാതരം’ പൂര്‍ണമായി ആലപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ. ബൂത്ത്, പഞ്ചായത്ത്, മണ്ഡലം, ജില്ലാ തലങ്ങളില്‍ ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരിക്കും പരിപാടികള്‍ സംഘടിപ്പിക്കുക. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും പ്രതീകമായ ‘വന്ദേമാതരം’ ഉയര്‍ത്തിപ്പിടിക്കുന്നതിനൊപ്പം, രാജ്യവിരുദ്ധ ശക്തികള്‍ക്ക് പിന്തുണ നല്‍കുന്ന നിലപാടുകള്‍ക്കെതിരെ ജനകീയ പ്രതിരോധം ശക്തിപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ത്രിവര്‍ണ പതാക ഉയര്‍ത്തി ഭാരതത്തിന്റെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കുന്നതിനും വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളില്‍ ബിജെപി മുന്നിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്ന ശക്തികള്‍ക്ക് രാഷ്‌ട്രീയ പിന്തുണ നല്‍കുന്നുവെന്നാരോപിച്ച് സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും രാജീവ് ചന്ദ്രശേഖര്‍ വിമര്‍ശിച്ചു. കേരളത്തിലെ രാജ്യസ്‌നേഹികളായ ജനങ്ങള്‍ ഇത്തരം നിലപാടുകള്‍ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ട ഗീതമാണ് ‘വന്ദേമാതരമെന്ന്’ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
അതിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കേണ്ടത് ഓരോ ഭാരതീയന്റെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാതന്ത്ര്യദിനത്തില്‍ കേരളത്തിലെ 15,000 കേന്ദ്രങ്ങളില്‍ ഒരേ മനസ്സോടെ ‘വന്ദേമാതരം’ ആലപിക്കുന്നതിലൂടെ ദേശീയതയുടെയും ദേശസ്‌നേഹത്തിന്റെയും ശക്തമായ സന്ദേശം നല്‍കാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ മാത്രമായി 15,000 കേന്ദ്രങ്ങളിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. രാജ്യവ്യാപകമായി ലക്ഷക്കണക്കിന് കേന്ദ്രങ്ങളില്‍ നടക്കുന്ന പരിപാടിയുടെ ഭാഗമായാണ് കേരളത്തിലും വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ അറിയിച്ചു.