കാലടി: കാലടി സർവ്വകലാശാലയിലും എസ്.എഫ്. ഐയുടെ പ്രതിഷേധ ആഭാസം. പ്രതിഷേധത്തിന്റെ പേരിൽ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. സിസ തോമസിന്റെ പ്രതീകാത്മക ശവസംസ്കാരം നടത്തി എസ്.എഫ്.ഐ. സിൻഡിക്കേറ്റ് യോഗം തുടരുന്നതിനിടെയാണ് എസ്.എഫ്.ഐ പ്രവർത്തകർ സർവകലാശാലയിലെത്തി വിസിയുടെ കോലം ഒരുക്കി അന്ത്യകർമങ്ങൾ നടത്തിയത്. ക്രൈസ്തവ ആചാരങ്ങൾ അനുകരിച്ചായിരുന്നു പ്രതീകാത്മക ശവസംസ്കാരം. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി എ.ബി.വി.പി രംഗത്തെത്തിയിട്ടുണ്ട്.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എസ്.എഫ്.ഐ ഏറെക്കാലമായി സർവകലാശാലയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയിൽ സമരം നടത്തിവരികയാണ്. ഇതിനിടെയാണ് സിൻഡിക്കേറ്റ് യോഗം നടത്താൻ അനുവദിക്കില്ലെന്ന നിലപാടുമായി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധം പിന്നീട് വിസിയെയും സിൻഡിക്കേറ്റ് അംഗങ്ങളെയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതിലേക്കും നീങ്ങി. സംഭവത്തിന് പിന്നാലെ രാത്രി എട്ടുമണിയോടെയാണ് പൊലീസ് സഹായത്തോടെ വൈസ് ചാൻസലറും സിൻഡിക്കേറ്റ് അംഗങ്ങളും ക്യാമ്പസിൽ നിന്ന് പുറത്തേക്ക് പോയത്.

ക്യാമ്പസിൽ നേരത്തെ എസ്.എഫ്.ഐ നടത്തിയിരുന്ന വഴിവിട്ട പ്രവർത്തനങ്ങൾക്ക് സിസ തോമസ് വന്നതോടു കൂടി നിയന്ത്രണമുണ്ടായി. മുൻ വൈസ് ചാൻസലർ ഗീതാകുമാരി എസ്.എഫ്.ഐയുടെ സ്വന്തക്കാരിയായിരുന്നു. അവരുടെ ഒത്താശയോടെയായിരുന്നു ഇവർ ക്യാമ്പസിൽ അഴിഞ്ഞാടിയിരുന്നത്. 2026 മാർച്ച് 5ന്, ഡിഗ്രി തോറ്റ എസ്.എഫ്.ഐ നേതാവിന് പിജിക്ക് പ്രവേശം നൽകിയതുമായി ബന്ധപ്പെട്ട ക്രമക്കേടിലാണ് ഗീതാകുമാരിയെ ചുമതലയിൽ നിന്നും മാറ്റിയത്.
2016-ലും സമരത്തിന്റെ പേരിൽ ‘ശവസംസ്കാരം’
എസ്.എഫ്.ഐ ഇത്തരം കാടത്തം നടക്കുന്നത് ഇതാദ്യമല്ല . 2016ൽ പാലക്കാട് വിക്ടോറിയ കോളേജിലെ അന്നത്തെ പ്രിൻസിപ്പൽ സരസു ടീച്ചർക്കെതിരെ എസ്.എഫ്.ഐ പ്രവർത്തകർ ശവമഞ്ചവും ശവക്കല്ലറയും ഒരുക്കി പ്രതിഷേധിച്ചത് വലിയ വിവാദമായിരുന്നു. ഇപ്പോൾ കാലടി സർവകലാശാലയിലെ വൈസ് ചാൻസലർക്കെതിരെയും സമാനമായ രീതിയിലുള്ള പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്.
‘എല്ലാ ധാർമിക അതിരുകളും ലംഘിച്ചു’
തനിക്കെതിരെ എസ്.എഫ്.ഐ നടത്തുന്ന സമരങ്ങൾ എല്ലാ ധാർമിക അതിരുകളും ലംഘിക്കുന്നതാണെന്ന് സിസ തോമസ് പ്രതികരിച്ചു. തന്നെ എങ്ങനെയും കാലടി സർവകലാശാലയിൽ നിന്ന് പുറത്താക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമരങ്ങൾ. താൽപരകക്ഷികളുടെ ഒത്താശയോടെയാണ് എസ്.എഫ്.ഐ സമരം അതിരുവിടുന്നതെന്നും സിസ തോമസ് പറഞ്ഞു.















