മലപ്പുറം: മുസ്ലിം ലീഗ് നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ എൻ ഷംസുദീന്റെ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാവിനെ നിയമിച്ചതിൽ വ്യാപക പ്രതിഷേധം. വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായ കെ.കെ. അഷ്റഫിനെ മന്ത്രിയുടെ ഓഫീസിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ നിയമിച്ചതാണ് വിവാദമായിരിക്കുന്നത്. നിയമനത്തിനെതിരെ യൂത്ത് ലീഗും എംഎസ്എഫും രംഗത്തെത്തിയിട്ടുണ്ട്.
മന്ത്രിമാരുടെ സ്റ്റാഫിൽ പാർട്ടിയുടെ യുവജന-വിദ്യാർഥി സംഘടനകൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന വിമർശനം ലീഗിനുള്ളിൽ ഉയരുന്നതിനിടെയാണ് പുറത്തുനിന്നുള്ള രാഷ്‌ട്രീയ പശ്ചാത്തലമുള്ള ഒരാളെ മന്ത്രിയുടെ ഓഫീസിൽ നിയമിച്ചതിനെതിരെ പ്രതിഷേധം ഉയർന്നിരിക്കുന്നത്. വിഷയത്തിൽ എംഎസ്എഫ് കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി പ്രമേയം അവതരിപ്പിച്ചു.















