ഗ്ലാസ്‌ഗോ: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായതിനെ തുടര്‍ന്ന് സ്റ്റീവ് ക്ലാര്‍ക്ക് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ സ്‌കോട്ട്‌ലന്‍ഡ് പുതിയ പരിശീലകനായി സെബാസ്റ്റ്യന്‍ പോക്കോനോളിയെ നിയമിച്ചു. മുന്‍ ബെല്‍ജിയം താരമായ 39കാരന്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് സ്‌കോട്ടിഷ് ടീമിന്റെ ചുമതലയേറ്റത്. 2028ലെ യൂറോ കപ്പ് വരെ അദ്ദേഹത്തിന്റെ കരാര്‍ തുടരും. ടൂര്‍ണമെന്റിന് സ്‌കോട്ട്‌ലന്‍ഡ് സഹ ആതിഥേയത്വം വഹിക്കുന്നുണ്ട്.
ഫ്രഞ്ച് ക്ലബ്ബായ മൊണാക്കോ കഴിഞ്ഞ ജൂണ്‍ ഒന്നിന് പോക്കോനോളിയെ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു. ഫ്രഞ്ച് ലീഗില്‍ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തതും ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാനാകാതിരുന്നതുമായിരുന്നു കാരണം. 2025ല്‍ യൂണിയന്‍ സെന്റ്-ഗില്ലോയിസിനെ 90 വര്‍ഷത്തിന് ശേഷം ആദ്യ ബെല്‍ജിയന്‍ ലീഗ് കിരീടത്തിലേക്ക് നയിച്ചതാണ് പോക്കോനോളിയുടെ പരിശീലക കരിയറിലെ പ്രധാന നേട്ടം. യൂറോപ്പിലെ വളര്‍ന്നുവരുന്ന മികച്ച പരിശീലകരിലൊരാളായാണ് സ്‌കോട്ടിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
”താല്‍പര്യമുണ്ടെന്ന വിവരം ആദ്യം അറിഞ്ഞപ്പോള്‍ തന്നെ ഈ അവസരത്തില്‍ ആവേശം തോന്നി. 28 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം സ്‌കോട്ട്‌ലന്‍ഡ് ലോകകപ്പില്‍ കളിച്ചപ്പോള്‍ ആരാധകര്‍ പ്രകടിപ്പിച്ച ആവേശം എന്നെ ഏറെ ആകര്‍ഷിച്ചു,” പോക്കോനോളി പറഞ്ഞു. ആക്രമണാത്മകവും മുന്നേറ്റത്തിന് പ്രാധാന്യം നല്‍കുന്നതുമായ ശൈലിയാണ് പുതിയ പരിശീലകന്‍ ടീമില്‍ കൊണ്ടുവരികയെന്ന് സ്‌കോട്ടിഷ് എഫ്എ ചീഫ് ഫുട്‌ബോള്‍ ഓഫീസര്‍ ക്രെയ്ഗ് മള്‍ഹോളണ്ട് പറഞ്ഞു. ആരാധകരെ ആവേശത്തിലാക്കുന്ന ഫുട്‌ബോളാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
സെപ്റ്റംബര്‍ അവസാനം നടക്കുന്ന നേഷന്‍സ് ലീഗ് മത്സരങ്ങളിലാകും പോക്കോനോളിയുടെ കീഴില്‍ സ്‌കോട്ട്‌ലന്‍ഡിന്റെ ആദ്യ മത്സരങ്ങള്‍. സ്ലൊവേനിയക്കും സ്വിറ്റ്‌സര്‍ലന്‍ഡിനുമെതിരെയാണ് ടീമിന്റെ ആദ്യ പരീക്ഷണം.















