തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഔദ്യോഗിക ചടങ്ങിൽ വന്ദേമാതരം ആലപിക്കാതിരുന്ന കേരള സർക്കാരിന്റെ നടപടി രാജ്യത്തിന് തന്നെ അപമാനകരമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വന്ദേമാതരം ആലപിച്ചപ്പോഴാണ് കേരള സർക്കാർ അതിൽ നിന്ന് വിട്ടുനിന്നത്.
കോൺഗ്രസ് നേതൃത്വം നൽകുന്ന ഹിമാചൽ പ്രദേശ്, തെലങ്കാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ വന്ദേമാതരം ആലപിച്ച സാഹചര്യത്തിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാർ മാത്രം എന്തുകൊണ്ടാണ് ഇതിൽ നിന്ന് മാറിനിന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കണം. കോൺഗ്രസ് ചരിത്രത്തിൽ പാർട്ടി സമ്മേളനങ്ങളിലും, പൊതുപരിപാടികളിലും വന്ദേമാതരം ആലപിച്ചിട്ടുള്ളതാണ്. എഐസിസി ആസ്ഥാനത്തും വന്ദേമാതരം ആലപിച്ച സാഹചര്യത്തിൽ കേരളത്തിൽ മാത്രം വ്യത്യസ്തമായ നിലപാട് സ്വീകരിച്ചതിന് എന്താണ് കാരണം?
മുസ്ലിം ലീഗിന്റെയും, ജമാഅത്തെ ഇസ്ലാമിയുടെയും, എസ്.ഡി.പി.ഐയുടെയും സമ്മർദ്ദത്തിന് വഴങ്ങി കോൺഗ്രസ് സ്വന്തം ദേശീയ നിലപാടുപോലും ഉപേക്ഷിച്ചിരിക്കുകയാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. വി.ഡി. സതീശൻ കോൺഗ്രസിന്റെ മുഖ്യമന്ത്രിയാണോ, അതോ മുസ്ലിം ലീഗിന്റെ മുഖ്യമന്ത്രിയാണോ എന്ന ചോദ്യം ഉയരുന്നത് സ്വാഭാവികമാണ്.
ആഗസ്റ്റ് 14ന് യു.ഡി.എഫിന് ഒരു നിലപാടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ആ നിലപാട് എന്താണെന്ന് യു.ഡി.എഫ് നേതൃത്വം കേരളത്തിലെ ജനങ്ങളോട് പറയണം. കോൺഗ്രസിന്റെ ദേശീയ നിലപാട് ഒന്നും കേരളത്തിലെ കോൺഗ്രസ് സർക്കാരിന്റെ നിലപാട് മറ്റൊന്നുമാകുന്നത് അംഗീകരിക്കാനാകില്ല.
1937-ൽ വന്ദേമാതരവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് ഉയർത്തിയ എതിർപ്പിന്റെ ചരിത്രം രാജ്യം മറന്നിട്ടില്ല. തുടർന്ന് മതത്തിന്റെ അടിസ്ഥാനത്തിലുള്ള രാഷ്‌ട്രീയ ആവശ്യങ്ങൾ ശക്തിപ്പെട്ടതും ഒടുവിൽ രാജ്യവിഭജനത്തിലേക്ക് കാര്യങ്ങൾ എത്തിച്ചതും ചരിത്രത്തിലെ വസ്തുതകളാണ്. ആ ചരിത്രത്തെ രാഷ്‌ട്രീയമായി ദുരുപയോഗം ചെയ്യാതെ, അതിൽ നിന്ന് പാഠം ഉൾക്കൊള്ളുകയാണ് വേണ്ടത്.
1937-ൽ വന്ദേമാതരത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച, 1947-ൽ രാജ്യവിഭജനം. ഈ ചരിത്ര പശ്ചാത്തലം മറന്നുകൊണ്ട് 2026-ലും ദേശീയ ചിഹ്നങ്ങളെ മത-രാഷ്‌ട്രീയ സമ്മർദ്ദങ്ങൾക്ക് വിധേയമാക്കുന്ന സാഹചര്യം ഉണ്ടാകുന്നത് അതീവ ആശങ്കാജനകമാണ്.
രാജ്യത്തിന്റെ ദേശീയ ജീവിതത്തിൽ നിന്ന് കേരളത്തെ വേറിട്ടുനിർത്താനുള്ള ഒരു രാഷ്‌ട്രീയ അന്തരീക്ഷം സൃഷ്ടിക്കാൻ ആരെയും അനുവദിക്കില്ല. ദേശീയതയ്‌ക്ക് മതരാഷ്‌ട്രീയത്തിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. വന്ദേമാതരം ഒരു പാർട്ടിയുടെയോ ഒരു വിഭാഗത്തിന്റെയോ മാത്രം ഗാനമല്ല, സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ അവിഭാജ്യ ഭാഗവും, ദേശീയബോധത്തിന്റെ പ്രതീകവുമാണ്.
കേരളത്തിൽ മതത്തിന്റെ പേരിൽ ജില്ല ലീഗ് നേരത്തെ ആവശ്യപ്പെട്ടു. ഇപ്പോൾ വന്ദേമാതരത്തിനെതിരെ നിലപാട് സ്വീകരിച്ചു. വീണ്ടും ഒരു വിഭജനവാദത്തിലേക്ക് ഈ രാജ്യത്തെ എത്തിക്കാൻ ലീഗിനുവേണ്ടി വി.ഡി. സതീശൻ പരിശ്രമിക്കുകയാണ്. അതുകൊണ്ട് രണ്ടാം മുഹമ്മദലി ജിന്നമാരുടെ ആഹ്വാനം കേട്ടുകൊണ്ട് മലയാളികൾക്കാകെ അപമാനമുണ്ടാക്കിവെക്കുന്ന ഈ സമീപനത്തിൽ രാജ്യം മുഴുവൻ കേരളത്തിന്റെ ഈ ദുസ്ഥിതിയോർത്ത് ആശങ്ക ഉണ്ടാവുകയാണ്.
രാജ്യത്തിന്റെ ദേശീയബോധത്തെ ദുർബലപ്പെടുത്തുന്ന ഏത് രാഷ്‌ട്രീയ നീക്കത്തെയും ബിജെപി ശക്തമായി എതിർക്കും. ലീഗിന്റെ സമ്മർദ്ദത്തിന് മുന്നിൽ മുട്ടുമടക്കുന്ന കോൺഗ്രസ് നിലപാടിനെതിരെ ജനാധിപത്യപരമായ പ്രക്ഷോഭവും ബിജെപി സംഘടിപ്പിക്കും. കേരളത്തിന്റെ ദേശീയബോധത്തെ ഒരു രാഷ്‌ട്രീയ ഒത്തുതീർപ്പിനും അടിയറവയ്‌ക്കാൻ അനുവദിക്കില്ലെന്നും എം.ടി. രമേശ് പറഞ്ഞു.















