ന്യൂഡൽഹി: ഇന്ത്യക്കെതിരെ വീണ്ടും ഭീഷണിയുമായി പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീകരൻ. ലഷ്‌കർ ഭീകരനും പാകിസ്താൻ മർകസി മുസ്‌ലിം ലീഗ് (PMML) നേതാവുമായ ഇമ്രാൻ ലിയാഖത്ത് ഭട്ടിയാണ് ഇന്ത്യക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയത്. ഓഗസ്റ്റ് 14ന് പാകിസ്താനിലെ കസൂരിലുള്ള ലഷ്‌കർ ക്യാമ്പിൽ നടത്തിയെന്ന് പറയപ്പെടുന്ന പ്രസംഗത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
‘ഡൽഹിയെ മണവാട്ടിയാക്കും’ എന്നാണ് ഇമ്രാൻ ലിയാഖത്ത് ഭട്ടിയുടെ ഭീഷണി. മുംബൈയിൽ പാകിസ്താന്റെ പതാക ഉയർത്തുമെന്നും ഇയാൾ അവകാശപ്പെട്ടു. കശ്മീർ തിരിച്ചുപിടിക്കുമെന്നും ഗുജറാത്തും ഹൈദരാബാദും ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ അവകാശവാദം ഉന്നയിച്ച ഭട്ടി വടക്കുകിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ചും പ്രകോപനപരമായ പരാമർശങ്ങൾ നടത്തി.
പാക് സ്വാതന്ത്ര്യദിനത്തിൽ ലഷ്‌കർ ക്യാമ്പിൽ നിന്ന് ഭീഷണി
പാകിസ്താന്റെ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14നാണ് ഭട്ടി പ്രസംഗം നടത്തിയതെന്നാണ് വിവരം. ഇന്ത്യയുടെ അതിർത്തിയോട് ചേർന്ന കസൂരിലെ ലഷ്‌കർ-ഇ-തൊയ്ബയുടെ ക്യാമ്പിലാണ് ഇയാളുടെ പ്രസംഗമെന്നാണ് റിപ്പോർട്ട്.
1947ലെ വിഭജനത്തെ പരാമർശിച്ച ഭട്ടി, ഇന്ത്യയിൽനിന്ന് ആളുകളെ പുറത്താക്കിയ ശേഷമാണ് പാകിസ്താൻ രൂപീകരിച്ചതെന്ന തരത്തിലുള്ള അവകാശവാദങ്ങളും ഉന്നയിച്ചു. ഇതേ രീതിയിൽ കശ്മീരും ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളും പിടിച്ചെടുക്കുമെന്ന തരത്തിലായിരുന്നു പ്രസംഗം.
ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയെയും സാമ്പത്തിക തലസ്ഥാനമായ മുംബൈയെയും നേരിട്ട് ലക്ഷ്യമിട്ടുള്ള പരാമർശങ്ങളാണ് പ്രസംഗത്തിലെ ഏറ്റവും പ്രകോപനപരമായ ഭാഗം. ഇതിനറെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ലഷ്‌കറുമായുള്ള ബന്ധം നേരത്തെയും പുറത്ത്
ഇമ്രാൻ ലിയാഖത്ത് ഭട്ടി പാകിസ്താനിലെ ഭീകരവാദ ശൃംഖലയിൽ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ്. പാകിസ്താൻ മർകസി മുസ്‌ലിം ലീഗിന്റെ സൗത്ത് പഞ്ചാബ് പ്രസിഡന്റായി പ്രവർത്തിക്കുന്ന ഇയാൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെയും പുറത്തുവന്നിരുന്നു.
2025 ഒക്ടോബറിൽ ബഹാവൽപൂരിൽ നടന്ന പരിപാടിയിൽ PMMLയുടെ യഥാർഥ നേതാവ് ഹാഫിസ് മുഹമ്മദ് സയീദാണെന്ന് ഭട്ടി വെളിപ്പെടുത്തിയിരുന്നു. ഇതോടെ PMMLയും നിരോധിത ലഷ്‌കർ ശൃംഖലയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായിരുന്നു.
ലഷ്‌കർ ഭീകരസംഘടനയുമായി ബന്ധമുള്ളവർ രാഷ്‌ട്രീയ-സാമൂഹിക സംഘടനകളുടെ മറവിൽ പ്രവർത്തിക്കുന്നുവെന്ന ആരോപണങ്ങളും നേരത്തെ ഉയർന്നിട്ടുണ്ട്. രാഷ്‌ട്രീയ വേദികളും പൊതുപരിപാടികളും ഉപയോഗിച്ച് ആശയപ്രചാരണവും പിന്തുണ സമാഹരണവും നടത്തുന്നതാണ് ഇത്തരം സംഘടനകളുടെ രീതിയെന്നാണ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ.
ഇന്ത്യക്കെതിരെ തുടർച്ചയായി ഭീഷണി ഉയർത്തുന്ന ലഷ്‌കർ ബന്ധമുള്ള വ്യക്തികളുടെ പ്രസ്താവനകൾ സുരക്ഷാ ഏജൻസികൾ ഗൗരവത്തോടെയാണ് കാണുന്നത്. ഭട്ടിയുടെ പുതിയ പ്രസംഗവും ദേശീയ അന്വേഷണ ഏജൻസിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
ലഷ്‌കർ ശൃംഖലയുടെ പുനഃസംഘടന?
2026 ജൂലൈയിലും ലഷ്‌കർ-ഇ-തൊയ്ബ പാകിസ്താനിൽ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പരിശീലന കേന്ദ്രങ്ങളും റിക്രൂട്ട്മെന്റ് സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിനൊപ്പം പഞ്ചാബിലെ വിവിധ മേഖലകളിൽ നേതൃചുമതലകളിൽ മാറ്റം വരുത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
കസൂരിലേക്ക് ഭട്ടിയെ മാറ്റിയതും സംഘടനയുടെ പുനഃസംഘടനയുടെ ഭാഗമാണെന്ന റിപ്പോർട്ടുകളുണ്ട്. കശ്മീർ, വിഭജനം, മതം തുടങ്ങിയ വിഷയങ്ങൾ ഉപയോഗിച്ച് ഇന്ത്യക്കെതിരെ വിദ്വേഷവും ഭീകരവാദ ആശയങ്ങളും പ്രചരിപ്പിക്കുന്നത് തുടരുന്നതിന്റെ മറ്റൊരു ഉദാഹരണമായാണ് ഭട്ടിയുടെ പ്രസംഗം വിലയിരുത്തപ്പെടുന്നത്.















