ചെന്നൈ: നടി നയൻതാര തിരുപ്പതി ക്ഷേത്രദർശനത്തിനിടെ തലമൊട്ടയടിച്ചെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങൾ വ്യാജം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് നിർമിച്ച ചിത്രങ്ങളാണ് നയൻതാരയുടേതെന്ന പേരിൽ എക്സ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
യഷ് നായകനാകുന്ന ‘ടോക്സിക്’ സിനിമയുടെ റിലീസിന് മുന്നോടിയായി നയൻതാര തിരുപ്പതിയിൽ തലമൊട്ടയടിച്ച് ദർശനം നടത്തിയെന്ന അവകാശവാദത്തോടെയാണ് ചിത്രങ്ങൾ പ്രചരിച്ചത്. എന്നാൽ ചിത്രങ്ങൾ പരിശോധിച്ചതോടെ ഇവ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് വ്യക്തമായി.
കഴിഞ്ഞ ഏപ്രിലിൽ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനൊപ്പം നയൻതാര തിരുപ്പതി ക്ഷേത്രം സന്ദർശിച്ചിരുന്നു. ഈ സമയത്തെടുത്ത യഥാർഥ ചിത്രങ്ങളാണ് എഐ ഉപയോഗിച്ച് മാറ്റം വരുത്തി പ്രചരിപ്പിച്ചത്.
യഥാർഥ ചിത്രത്തിൽ നയൻതാരയ്‌ക്ക് മുടിയുണ്ടായിരുന്നു. അതേ വസ്ത്രവും കമ്മലുകളും ഉൾപ്പെടെയുള്ള രൂപസാദൃശ്യങ്ങൾ നിലനിർത്തിയാണ് എഐ ഉപയോഗിച്ച് തലമൊട്ടയടിച്ച രീതിയിലുള്ള ചിത്രം സൃഷ്ടിച്ചത്. ഇതോടെ ചിത്രങ്ങൾ യഥാർഥമാണെന്ന തോന്നലും സൃഷ്ടിക്കുകയായിരുന്നു.
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോണപ്‌സ്’ ആണ് നയൻതാരയുടേതായി റിലീസിനൊരുങ്ങുന്ന പ്രധാന ചിത്രം. യഷ് നായകനാകുന്ന ചിത്രത്തിൽ കിയാര അദ്വാനി, താര സുതാര്യ, രുക്മിണി വസന്ത്, ഹുമ ഖുറേഷി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ഓഗസ്റ്റ് 26നാണ് ‘ടോക്സിക്’ തിയറ്ററുകളിലെത്തുന്നത്. സിനിമയുടെ റിലീസ് അടുത്തിരിക്കെയാണ് നയൻതാരയുടെ പേരിൽ വ്യാജ എഐ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.