ന്യൂഡൽഹി: ഇന്ത്യ-ബ്രസീൽ സൗഹൃദ മത്സരം ബഹിഷ്‌കരിക്കണമെന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ് ഭൂട്ടിയയുടെ ആഹ്വാനത്തെ തുടർന്ന് ഉയർന്ന വിവാദത്തിൽ പ്രതികരിച്ച് ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ (CBF). വിമർശനങ്ങൾക്കിടയിലും ഒക്ടോബർ 3ന് കൊൽക്കത്തയിൽ മത്സരം നടത്താനുള്ള പദ്ധതിയിൽ മാറ്റമില്ലെന്ന് ബ്രസീൽ അധികൃതർ വ്യക്തമാക്കി.
ഒരു 90 മിനിറ്റ് മത്സരത്തിനായി വലിയ തുക ചെലവഴിക്കുന്നതിന് പകരം ഇന്ത്യയിൽ ഫുട്ബോൾ ഗ്രൗണ്ടുകൾ നിർമിക്കാനും മറ്റ് കായിക ഇനങ്ങളുടെ വികസനത്തിനും പണം ഉപയോഗിക്കണമെന്നായിരുന്നു ഭൂട്ടിയയുടെ വാദം. ബ്രസീലിനെതിരായ മത്സരം കളിക്കുന്നതിനായി ഇന്ത്യ FIFA ASEAN Cup-ൽ നിന്ന് പിന്മാറിയതിലും അദ്ദേഹം നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു.
വ്യാഴാഴ്ച CBF പ്രതിനിധി സംഘം കൊൽക്കത്തയിലെ സ്റ്റേഡിയം പരിശോധിച്ചു. പിച്ചിലെ പുല്ലിന്റെ സാന്ദ്രത കുറവാണെന്നും താരങ്ങൾക്ക് പരിക്കേൽക്കാനുള്ള സാധ്യത ഒഴിവാക്കാൻ അടിയന്തര പരിഹാര നടപടികൾ ആവശ്യമാണെന്നും സംഘം വിലയിരുത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത് സാധാരണ മുൻകരുതൽ പരിശോധന മാത്രമാണെന്നും പ്രശ്നം പെരുപ്പിച്ച് കാണേണ്ടതില്ലെന്നും CBF-യുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. പിച്ചുമായി ബന്ധപ്പെട്ട സാഹചര്യം മത്സരക്രമത്തെ ബാധിക്കില്ലെന്നും അവർ അറിയിച്ചു.
ബഹിഷ്‌കരണ ആഹ്വാനങ്ങളെക്കുറിച്ചും ബ്രസീലിയൻ അധികൃതർ ആശങ്ക പ്രകടിപ്പിച്ചില്ല. ഇത്തരം പ്രതികരണങ്ങൾ പ്രാദേശിക രാഷ്‌ട്രീയവുമായി ബന്ധപ്പെട്ടതാണെന്നാണ് അവരുടെ വിലയിരുത്തൽ. ബ്രസീൽ ദേശീയ ടീമിന്റെ കോ-ഓർഡിനേറ്റർ റോഡ്രിഗോ കെയ്റ്റാനോയുടെ നിലപാട് വ്യക്തമായിരുന്നു. ലോകകപ്പ് കാലത്ത് ബ്രസീൽ ടീമിന് ഇന്ത്യയിൽ നിന്ന് ലഭിച്ച സ്നേഹത്തിനും പിന്തുണയ്‌ക്കും നന്ദി പറയാനുള്ള അവസരമായാണ് ഈ സന്ദർശനത്തെ കാണുന്നതെന്നും മികച്ച പ്രകടനം നടത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ 3നാണ് കൊൽക്കത്തയിൽ ഇന്ത്യ-ബ്രസീൽ മത്സരം. അതേസമയം ഇന്തോനേഷ്യയിൽ നടക്കുന്ന പ്രഥമ FIFA ASEAN Cup സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 6 വരെയാണ്. ഇന്ത്യക്ക് ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ ടീമുകളുമായി മത്സരിക്കേണ്ടിയിരുന്നു. അഞ്ച് തവണ ലോകകപ്പ് നേടിയ ബ്രസീലിനെതിരെ കളിക്കുന്നത് ഇന്ത്യൻ താരങ്ങൾക്ക് അപൂർവമായ അവസരമാണെന്നാണ് AIFF വിലയിരുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ASEAN Cup-ൽ നിന്ന് പിന്മാറി ബ്രസീലുമായുള്ള സൗഹൃദ മത്സരത്തിന് മുൻഗണന നൽകിയത്.















