സൂറിച്ച്: ലോകകപ്പ് ഫൈനലില്‍ സ്പെയിനോട് തോറ്റതിന് പിന്നാലെ ഗ്രൗണ്ടില്‍ അരങ്ങേറിയ കയ്യാങ്കളിയില്‍ നടപടിയുമായി ഫിഫ. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനും മൂന്ന് അര്‍ജന്റീന താരങ്ങള്‍ക്കും സഹപരിശീലകനും ഒരു സ്പാനിഷ് താരത്തിനുമെതിരെയാണ് ഫിഫ അച്ചടക്ക സമിതി നടപടി സ്വീകരിച്ചത്. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് 3.21 ലക്ഷം യുഎസ് ഡോളര്‍ (ഏകദേശം മൂന്ന് കോടി രൂപ) പിഴ ചുമത്തി. കൂടാതെ അര്‍ജന്റീനയുടെ അടുത്ത രണ്ട് ഹോം മത്സരങ്ങള്‍ 50 ശതമാനം കാണികളെ മാത്രം പ്രവേശിപ്പിച്ച് നടത്താനും ഫിഫ ഉത്തരവിട്ടു.
അര്‍ജന്റീന താരങ്ങളായ ലിയാന്ദ്രോ പരദേസിന് 10 മത്സരങ്ങളിലും ഹ്വേല്‍ മൊളീനയ്‌ക്ക് ഏഴ് മത്സരങ്ങളിലും വിലക്ക് ഏര്‍പ്പെടുത്തി. ഇരുവര്‍ക്കും 90,000 യുഎസ് ഡോളര്‍ വീതം പിഴയും ചുമത്തിയിട്ടുണ്ട്. മറ്റൊരു അര്‍ജന്റീന താരം തിയാഗോ അല്‍മാഡോയ്‌ക്കും സ്പാനിഷ് താരം ഗാവിക്കും ഒരു മത്സരത്തില്‍ വിലക്കാണ് ലഭിച്ചത്. ഇരുവര്‍ക്കും 30,000 യുഎസ് ഡോളര്‍ വീതം പിഴയടക്കണം. അര്‍ജന്റീനയുടെ സഹപരിശീലകന്‍ റോബര്‍ട്ടോ അയാലയ്‌ക്കും മൂന്ന് മത്സരങ്ങളില്‍ വിലക്കുണ്ട്. 30,000 യുഎസ് ഡോളറാണ് പിഴ.
സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന് വിരുദ്ധമായ പെരുമാറ്റം, മത്സരത്തിന് പകരം കയ്യാങ്കളിക്ക് ടൂര്‍ണമെന്റ് വേദി ഉപയോഗിച്ചത്, വിവേചനപരവും വംശീയവുമായ അധിക്ഷേപങ്ങള്‍, സുരക്ഷാ-ക്രമസമാധാന ലംഘനങ്ങള്‍ തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനെതിരെ നടപടി. ഫൈനലിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തിന്റെ പേരിലാണ് താരങ്ങള്‍ക്കും ടീം സ്റ്റാഫിനുമെതിരെ വിലക്ക് ഏര്‍പ്പെടുത്തിയത്.
ഫൈനലിന് പിന്നാലെ അര്‍ജന്റീനയുടെ മൊളീനയും സ്പാനിഷ് മിഡ്ഫീല്‍ഡര്‍ റോഡ്രിയും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. തുടര്‍ന്ന് മറ്റ് താരങ്ങളും ഇടപെട്ടതോടെ ഗ്രൗണ്ടില്‍ സ്ഥിതി കൈവിട്ടു. പരദേസ്, ഗാവി, അല്‍മാഡോ, അയാല തുടങ്ങിയവരും സംഘര്‍ഷത്തിന്റെ ഭാഗമായതായി ഫിഫ കണ്ടെത്തുകയായിരുന്നു.















