ആലപ്പുഴ: ടൂറിസം വകുപ്പിന് കീഴിലുള്ള കുടുംബശ്രീ ജീവനക്കാര്‍ക്ക് ശമ്പള കുടിശ്ശിക ലഭിക്കാത്ത സാഹചര്യത്തില്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് 32 ലക്ഷം മുന്‍കൂറായി നല്‍കാന്‍ തയ്യാറായിരുന്നുവെന്ന് സുരേഷ് ഗോപി എംപി. ഓണക്കാലത്ത് ജീവനക്കാരുടെ കുടുംബങ്ങള്‍ പട്ടിണിയിലാകരുതെന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും മന്ത്രി വ്യക്തമാക്കി. ഫേയ്‌സബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ നാലഞ്ച് മാസമായി ശമ്പളം ലഭിക്കാത്ത ജീവനക്കാരുടെ വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇടപെടല്‍. ആലപ്പുഴയിലെ യോഗത്തിന് ശേഷം കൊല്ലത്തേക്ക് പോകുന്നതിനിടെ ഓഫീസ് മുഖേന ജീവനക്കാരുടെ അക്കൗണ്ട് വിവരങ്ങള്‍ തേടി. തുടര്‍ന്ന് ഉച്ചയ്‌ക്ക് ഒന്നോടെ ആലപ്പുഴ ജില്ലാ കളക്ടറുമായി നേരിട്ട് സംസാരിച്ചതായും മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ടെന്നും ശമ്പളത്തിനുള്ള തുക അനുവദിച്ചതായും കളക്ടര്‍ അറിയിച്ചതായി മന്ത്രി വ്യക്തമാക്കി. ടൂറിസം ഡയറക്ടറുടെ റിപ്പോര്‍ട്ട് പ്രകാരം വൈകുന്നേരത്തോടെ ജീവനക്കാരുടെ അക്കൗണ്ടുകളില്‍ തുക എത്തുമെന്നും അറിയിച്ചിരുന്നു. ”ഞാന്‍ തന്നെ പണം നല്‍കണമെന്ന വാശിയൊന്നുമില്ല. ആര് നല്‍കി എന്നതിലല്ല, അര്‍ഹതപ്പെട്ട ആ പാവം തൊഴിലാളികളുടെ കൈകളില്‍ ഈ ഓണക്കാലത്ത് അവരുടെ അധ്വാനത്തിന്റെ ഫലം കൃത്യമായി എത്തിയോ എന്നതിലാണ് എന്റെ ഏറ്റവും വലിയ സന്തോഷം,” മന്ത്രി പറഞ്ഞു.
ട്രഷറിയിലെ ബുദ്ധിമുട്ടുകളും ഭരണപരമായ സമ്മര്‍ദ്ദങ്ങളും മനസ്സിലാക്കാവുന്നതാണെന്നും ആരെയും കുറ്റപ്പെടുത്താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ആരും ഈ ഓണത്തിന് പട്ടിണി കിടക്കരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രശ്‌നം പരിഹരിക്കപ്പെട്ടതായും ജീവനക്കാര്‍ക്ക് സന്തോഷത്തോടെ ഓണമുണ്ണാനാകുമെന്നും വ്യക്തമാക്കിയാണ് മന്ത്രിയുടെ കുറിപ്പ് അവസാനിക്കുന്നത്.















