കണ്ണൂർ: പിലാത്തറയിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് രണ്ട് പേർ മരിച്ചു. ലോറി തകരാറിലായതിനെ തുടർന്ന് റോഡരികിൽ നിർത്തി അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അപകടം.
തകരാർ പരിഹരിച്ചുകൊണ്ടിരുന്ന ലോറിയിലേക്ക് പിന്നാലെ എത്തിയ ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾക്ക് തീപിടിച്ചതായാണ് വിവരം. അപകടത്തിൽ നിർത്തിയിട്ട ലോറിയുടെ തകരാർ പരിഹരിച്ചുകൊണ്ടിരുന്ന മെക്കാനിക്കും സഹായിയുമാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടതായാണ് പ്രാഥമിക വിവരം.
അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗത തടസ്സവും ഉണ്ടായി. നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തിന്റെ കൃത്യമായ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്. മരിച്ചവരുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.















