കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ അര്‍ധസെഞ്ചുറി നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് രണ്ട് ശ്രദ്ധേയ റെക്കോര്‍ഡുകള്‍ സ്വന്തമാക്കി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ ഇന്ത്യന്‍ താരമായി പന്ത് മാറി. 42 ടെസ്റ്റുകളില്‍ 2,948 റണ്‍സ് നേടിയ പന്ത്, 42 ടെസ്റ്റുകളില്‍ 2,917 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിനെയാണ് മറികടന്നത്.
വിദേശ മണ്ണില്‍ ഇന്ത്യയ്‌ക്കായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന നേട്ടവും പന്ത് സ്വന്തമാക്കി. എം.എസ്. ധോനിയുടെ 2,496 റണ്‍സ് മറികടന്ന് പന്തിന്റെ വിദേശ റണ്‍സ് നേട്ടം 2,500 കടന്നു. ഈ പട്ടികയില്‍ ഫാറൂഖ് എന്‍ജിനീയര്‍ (1,209), സയ്യിദ് കിര്‍മാനി (1,109), കിരണ്‍ മോറെ (901) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ മൂന്ന് റണ്‍സില്‍ നില്‍ക്കെ പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായ പന്ത് രണ്ടാം ദിനം വീണ്ടും ക്രീസിലെത്തി. 6 ഫോറും 2 സിക്സും ഉള്‍പ്പെടെ 63 റണ്‍സ് നേടി. ഇത് പരമ്പരയിലെ പന്തിന്റെ രണ്ടാമത്തെ അര്‍ധസെഞ്ചുറിയും കരിയറിലെ 21-ാം ടെസ്റ്റ് അര്‍ധസെഞ്ചുറിയുമാണ്.