കെസിഎല്ലില്‍ ആദ്യ ജയം; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ 55 റണ്‍സിന് തകര്‍ത്ത് ട്രിവാന്‍ഡ്രം റോയല്‍സ്

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) മൂന്നാം സീസണില്‍ ട്രിവാന്‍ഡ്രം റോയല്‍സിന് ആദ്യ ജയം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികവ് കാട്ടിയ റോയല്‍സ് കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ 55 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ട്രിവാന്‍ഡ്രം റോയല്‍സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ കൊച്ചിക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. നിര്‍ണായക അര്‍ധസെഞ്ചുറിയും മൂന്ന് വിക്കറ്റുമായി തിളങ്ങിയ സിജോമോന്‍ ജോസഫാണ് മത്സരത്തിലെ താരം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ റോയല്‍സിന് തുടക്കത്തില്‍ തന്നെ അഭിഷേക് പി. നായരെ നഷ്ടമായി. എന്നാല്‍ കൃഷ്ണപ്രസാദും വിഷ്ണു വിനോദും ചേര്‍ന്ന് ഇന്നിങ്‌സിന് വേഗം നല്‍കി. പതിവുശൈലിയില്‍ ആക്രമിച്ച് കളിച്ച വിഷ്ണു 16 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും സഹിതം 32 റണ്‍സെടുത്തു. എന്നാല്‍ ഏഴാം ഓവറില്‍ കാര്‍ത്തിക് ബി. നായര്‍ ഒരോവറില്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തി റോയല്‍സിന്റെ കുതിപ്പിന് തടയിട്ടു. വിഷ്ണു വിനോദിനെയും ഗോവിന്ദ് ദേവ് പൈയെയും പുറത്താക്കിയ കാര്‍ത്തിക് പിന്നീട് 25 റണ്‍സെടുത്ത കൃഷ്ണപ്രസാദിനെയും മടക്കി.

റോയല്‍സ് പ്രതിസന്ധിയിലായ ഘട്ടത്തിലാണ് അക്ഷയ് മനോഹറും സിജോമോന്‍ ജോസഫും ചേര്‍ന്ന് ഇന്നിങ്‌സ് പുനര്‍നിര്‍മിച്ചത്. ഇരുവരും നാലാം വിക്കറ്റില്‍ 40 പന്തില്‍ 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 32 റണ്‍സെടുത്ത അക്ഷയ് മനോഹറെ സാലി സാംസണ്‍ പുറത്താക്കിയതോടെ കൂട്ടുകെട്ട് പിരിഞ്ഞെങ്കിലും സിജോമോന്‍ ആക്രമണം തുടര്‍ന്നു.

വിനോദ് കുമാറിനൊപ്പം ചേര്‍ന്ന് സിജോമോന്‍ അവസാന ഓവറുകളില്‍ അതിവേഗം റണ്‍സ് കണ്ടെത്തിയതോടെ റോയല്‍സ് 185 എന്ന മികച്ച സ്‌കോറിലെത്തി. 37 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 56 റണ്‍സെടുത്ത സിജോമോന്‍ പുറത്താകാതെ നിന്നു. വിനോദ് കുമാര്‍ 20 റണ്‍സും നേടി. കൊച്ചിക്കായി കാര്‍ത്തിക് ബി. നായര്‍ മൂന്ന് ഓവറില്‍ 21 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി.

185 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് തുടക്കം മുതല്‍ തിരിച്ചടിയായിരുന്നു. ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ ജോബിന്‍ ജോബിയെ രാഹുല്‍ ചന്ദ്രന്‍ എല്‍ബിഡബ്ല്യുവില്‍ പുറത്താക്കി. രണ്ടാം ഓവറില്‍ അഞ്ച് റണ്‍സെടുത്ത പവന്‍ ശ്രീധര്‍ റണ്ണൗട്ടായതോടെ സമ്മര്‍ദത്തിലായ കൊച്ചിക്ക് പിന്നാലെ വിനൂപ് മനോഹരനെയും നഷ്ടമായി.

തുടര്‍ന്നും വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണതോടെ കൊച്ചിക്ക് മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല. മുഹമ്മദ് ഷാനു 24 റണ്‍സും കാര്‍ത്തിക് ബി. നായര്‍ പുറത്താകാതെ 41 റണ്‍സും നേടിയതാണ് ടീമിന്റെ പ്രധാന സംഭാവനകള്‍. സച്ചിന്‍ സുരേഷ് റണ്ണൊന്നുമെടുക്കാതെ മടങ്ങിയപ്പോള്‍ സാലി സാംസണ്‍ ഒന്‍പതും ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍ എട്ടും മുഹമ്മദ് ആഷിഖ് മൂന്നും റണ്‍സെടുത്തു.

റോയല്‍സിനായി ശ്രീഹരി നായര്‍, സിജോമോന്‍ ജോസഫ്, വി. അജിത്ത് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. 56 റണ്‍സും മൂന്ന് വിക്കറ്റും സ്വന്തമാക്കിയ സിജോമോന്‍ ജോസഫിന്റെ ഓള്‍റൗണ്ട് പ്രകടനമാണ് റോയല്‍സിന്റെ 55 റണ്‍സ് വിജയത്തില്‍ നിര്‍ണായകമായത്. ഈ ജയത്തോടെ കെസിഎല്‍ മൂന്നാം സീസണില്‍ ട്രിവാന്‍ഡ്രം റോയല്‍സ് വിജയവഴിയില്‍ തിരിച്ചെത്തി.

Share