തിരുവനന്തപുരം: ഹാഫ് മന്തിക്കൊപ്പം അധിക ചോറ് ചോദിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ സ്കൂൾ വിദ്യാർഥികൾക്ക് ക്രൂരമർദനം. തിരുവനന്തപുരം ആക്കുളം–പേട്ട റോഡിലെ ‘ക്യാപിറ്റൽ മന്തി’ ഹോട്ടലിലാണ് കൗമാരക്കാരായ വിദ്യാർഥികൾക്ക് നേരെ അതിക്രമമുണ്ടായതായി പരാതി. സംഭവത്തിൽ പരിക്കേറ്റ വിദ്യാർഥികളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ ഹോട്ടൽ ഉടമയടക്കം മൂന്ന് പേരെ പേട്ട പൊലീസ് കസ്റ്റഡിയിലെടുത്തു.
പാച്ചല്ലൂർ സ്വദേശികളും എട്ടാം ക്ലാസിലും ഒൻപതാം ക്ലാസിലും പഠിക്കുന്നവരുമായ വിദ്യാർഥികൾക്കാണ് മർദനമേറ്റത്. ഹോട്ടലിൽ ഹാഫ് മന്തി ഓർഡർ ചെയ്ത് കഴിക്കുന്നതിനിടെ കുട്ടികൾ എക്സ്ട്രാ റൈസ് ആവശ്യപ്പെട്ടതാണ് തർക്കത്തിന് തുടക്കമിട്ടത്.
ഫുൾ മന്തി വാങ്ങുന്നവർക്ക് മാത്രമേ അധിക ചോറ് നൽകാൻ കഴിയൂവെന്ന് ഹോട്ടൽ ജീവനക്കാർ അറിയിച്ചതായി വിദ്യാർഥികളുടെ ബന്ധുക്കൾ പറയുന്നു. അധിക ചോറിന് പണം നൽകാമെന്ന് കുട്ടികൾ വ്യക്തമാക്കിയിട്ടും നൽകാൻ ജീവനക്കാർ തയ്യാറായില്ലെന്നാണ് പരാതി.
അധിക ചോറ് നൽകാനാകില്ലെന്ന് പറഞ്ഞ ജീവനക്കാർ വിദ്യാർഥികളെ അധിക്ഷേപിക്കുകയും ഹോട്ടലിൽ നിന്ന് ബലമായി പുറത്താക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് ആരോപണം. ഇതിനെ ചോദ്യം ചെയ്തതോടെ വാക്കേറ്റമുണ്ടായി.
തുടർന്ന് ഹോട്ടൽ ഉടമയും ജീവനക്കാരും പുറത്തുനിന്നെത്തിയ ചിലരും ഉൾപ്പെടെ ഇരുപതോളം പേർ ചേർന്ന് കുട്ടികളെ വളഞ്ഞിട്ട് മർദിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം. ആക്രമണത്തിൽ വിദ്യാർഥികളുടെ തലയ്‌ക്കും ശരീരത്തിനും പരിക്കേറ്റു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പേട്ട പൊലീസ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.
സംഭവത്തിൽ പങ്കെടുത്ത മുഴുവൻ ആളുകളെയും തിരിച്ചറിഞ്ഞ് ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കുട്ടികൾക്ക് നേരെയുണ്ടായ അതിക്രമത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.















