അമേരിക്കൻ ജയിലിൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ പുറത്ത്; മുൻ വെനസ്വേലൻ പ്രസിഡൻറ് നിക്കോളാസ് മഡുറോ കസ്റ്റഡിയിലായിട്ട് എട്ട് മാസം

Published by
ജനം വെബ്‌ഡെസ്ക്

ന്യൂയോർക്ക്: അമേരിക്കൻ കസ്റ്റഡിയിലുള്ള മുൻ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ആദ്യ ചിത്രങ്ങൾ പുറത്ത്. കഴിഞ്ഞ ജനുവരിയിലാണ് അമേരിക്കൻ സേന മഡുറോ പിടികൂടിയത്.   ന്യൂയോർക്കിലെ ബ്രൂക്ലിനിലുള്ള ജയിലിലാണ് നിലവിൽ മഡുറോയുള്ളത്. ഓഗസ്റ്റ് 30ന് മഡുറോയുടെ സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ പങ്കുവെച്ചത്.

ചാരനിറത്തിലുള്ള ട്രാക്ക് സ്യൂട്ടും വെള്ള ഷൂസും ധരിച്ച മഡുറോ ചിരിച്ചുകൊണ്ട് കൈകളിൽ വിജയചിഹ്നം കാണിക്കുന്നതാണ് ചിത്രങ്ങളിലുള്ളത്. ന്യൂയോർക്കിലെ Metropolitan Detention Center-ൽ നിന്നുള്ളതെന്ന് കരുതപ്പെടുന്ന ചിത്രങ്ങളാണിവ. 2026 ജൂൺ 25 എന്നാണ് ഫോട്ടോയിൽ തീയതിയായി രേഖപ്പെടുത്തിയിരിക്കുന്നത്.

കൊച്ചുമക്കൾക്കും കുട്ടികൾക്കും പിന്തുണയ്‌ക്കുന്നവർക്കുമായി ‘സ്നേഹത്തിന്റെയും പ്രതീക്ഷയുടെയും ചെറിയ സമ്മാനം’ എന്ന നിലയിലാണ് ചിത്രങ്ങൾ പങ്കുവെച്ചതെന്ന് മഡുറോയുടെ സന്ദേശത്തിൽ പറയുന്നു.

താനും ഭാര്യ സീലിയ ഫ്ലോറസും ശക്തമായി തുടരുകയാണെന്നും പിന്തുണയ്‌ക്കുന്നവരുടെ പ്രാർഥനകൾക്കും ഐക്യദാർഢ്യത്തിനും നന്ദിയുണ്ടെന്നും മഡുറോ പറയുന്നുണ്ട്.

ജനുവരിയിൽ അമേരിക്കൻ സേന പിടികൂടി
മഡുറോയെയും ഭാര്യ സീലിയ ഫ്ലോറസിനെയും ജനുവരിയിൽ കാരക്കാസിൽ നടന്ന അമേരിക്കൻ സൈനിക ഓപ്പറേഷനിലാണ് പിടികൂടിയത്. തുടർന്ന് ഇരുവരെയും അമേരിക്കയിലെത്തിച്ച് ബ്രൂക്ലിനിൽ തടവിലാക്കി.

മയക്കുമരുന്ന് കടത്ത്, ആയുധവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ഉൾപ്പെടെയുള്ള ഫെഡറൽ കേസുകളാണ് ഇരുവരും നേരിടുന്നത്. ആരോപണങ്ങൾ മഡുറോയും ഫ്ലോറസും നിഷേധിച്ചിട്ടുണ്ട്. മഡുറോ തന്റെ തടങ്കലിനെ നിയമവിരുദ്ധമെന്നും ‘തട്ടിക്കൊണ്ടുപോകൽ’ എന്നും വിശേഷിപ്പിച്ചിരുന്നു.

2027 ജൂണിൽ വിചാരണ
മഡുറോയുടെയും ഭാര്യയുടെയും വിചാരണ 2027 ജൂൺ ഒന്നിന് ആരംഭിക്കാനാണ് നിലവിലെ കോടതി ഷെഡ്യൂൾ. അതിന് മുമ്പ് മുൻ രാഷ്‌ട്രത്തലവനെന്ന നിലയിൽ മഡുറോയ്‌ക്ക് നിയമപരമായ പ്രതിരോധാവകാശം ലഭിക്കുമോ എന്നതുമായി ബന്ധപ്പെട്ട നിർണായക വാദം നടക്കും.

വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസും അമേരിക്കൻ ഭരണകൂടവും പുതിയ എണ്ണക്കരാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മഡുറോയുടെ ചിത്രങ്ങൾ പുറത്തുവന്നത്. വെനസ്വേലയിലെ 17 എണ്ണപ്പാടങ്ങൾ വികസിപ്പിക്കുകയും ഉൽപ്പാദനം വർധിപ്പിക്കുകയും ചെയ്യുന്നതാണ് കരാറിന്റെ ലക്ഷ്യം. കരാർ 25 വർഷത്തേക്കുള്ളതാണെന്നും പ്രതിദിന എണ്ണ ഉൽപ്പാദനം 15 ലക്ഷം ബാരലായി ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെനസ്വേലൻ എണ്ണ ഉപയോഗിച്ച് അമേരിക്കയുടെ കരുതൽ എണ്ണ നിക്ഷേപം പുനർനിറയ്‌ക്കുമെന്ന് ഓഗസ്റ്റ് 30ന് പ്രഖ്യാപിക്കുകയും ചെയ്തു.

 

Share