പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിലെ മൂന്ന് T20 ഇതിഹാസങ്ങള്‍ക്ക് അപൂര്‍വ ആദരം. ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയിലെ ചരിത്രപ്രസിദ്ധമായ ക്വീന്‍സ് പാര്‍ക്ക് ഓവലിലെ ഒരു സ്റ്റാന്‍ഡിന് കിറോണ്‍ പൊളാര്‍ഡ്, ഡ്വെയ്ന്‍ ബ്രാവോ, സുനില്‍ നരെയ്ന്‍ എന്നിവരുടെ പേര് നല്‍കി. ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയുടെ 64-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 31നായിരുന്നു നാമകരണ ചടങ്ങ്.
നേരത്തെ ട്രിനി പോസ്സെ സ്റ്റാന്‍ഡ് എന്നറിയപ്പെട്ടിരുന്ന സ്റ്റാന്‍ഡിനാണ് മൂന്ന് താരങ്ങളുടെയും പേര് നല്‍കിയത്. ഇതോടെ രാജ്യാന്തര ക്രിക്കറ്റിലും ലോകമെമ്പാടുമുള്ള ഫ്രാഞ്ചൈസി T20 ലീഗുകളിലും ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയുടെ അഭിമാനമായി മാറിയ താരങ്ങളുടെ പേരുകള്‍ ക്വീന്‍സ് പാര്‍ക്ക് ഓവലിന്റെ ചരിത്രത്തിലും ഇടംപിടിച്ചു.
ബ്രയാന്‍ ലാറ, ഡെറിക് മുറെ, ജെഫ്രി സ്റ്റോള്‍മെയര്‍, ലിയറി കോണ്‍സ്റ്റന്റൈന്‍, ജെറി ഗോമസ്, സിറില്‍ എല്‍. ഡ്യൂപ്രി തുടങ്ങിയ ഇതിഹാസങ്ങളുടെ പേരിലുള്ള സൗകര്യങ്ങളും ക്വീന്‍സ് പാര്‍ക്ക് ഓവലിലുണ്ട്. T20 ക്രിക്കറ്റിലെ ഏറ്റവും ശ്രദ്ധേയമായ താരങ്ങളിലൊരാളാണ് കിറോണ്‍ പൊളാര്‍ഡ്. 700ലേറെ T20 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള താരം 14,000ലേറെ റണ്‍സും 330ലേറെ വിക്കറ്റുകളും നേടിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഫ്രാഞ്ചൈസി ലീഗുകളില്‍ നിരവധി കിരീടങ്ങളും പൊളാര്‍ഡ് സ്വന്തമാക്കി.
ഡ്വെയ്ന്‍ ബ്രാവോയും T20യിലെ റെക്കോര്‍ഡ് താരമാണ്. 631 വിക്കറ്റുകളുമായി T20 ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമെന്ന റെക്കോര്‍ഡ് ബ്രാവോയുടെ പേരിലുണ്ട്. ബാറ്റുകൊണ്ടും ശ്രദ്ധേയ പ്രകടനം നടത്തിയ താരം T20യില്‍ ഏകദേശം 7,000 റണ്‍സും നേടിയിട്ടുണ്ട്. അതേസമയം, സുനില്‍ നരെയ്ന്‍ അടുത്തിടെ T20 ക്രിക്കറ്റില്‍ 650 വിക്കറ്റ് തികയ്‌ക്കുന്ന ചരിത്രത്തിലെ രണ്ടാമത്തെ ബൗളറായി മാറിയിരുന്നു. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരവും നരെയ്ന്‍ തന്നെയാണ്.
2026ലെ CPL സീസണില്‍ മൂന്ന് താരങ്ങളും ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയിലുണ്ട്. പൊളാര്‍ഡും നരെയ്നും ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിനായി കളിക്കുമ്പോള്‍ ബ്രാവോ പരിശീലക സംഘത്തിന്റെ ഭാഗമായാണ് ടീമിനൊപ്പമുള്ളത്. കളിക്കളത്തില്‍ സ്വന്തമാക്കിയ നേട്ടങ്ങള്‍ക്കൊപ്പം ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമായാണ് മൂന്ന് താരങ്ങളുടെയും പേരില്‍ സ്റ്റാന്‍ഡിന് നാമകരണം ചെയ്തത്.
പ്രാദേശിക ക്രിക്കറ്റില്‍ നിന്ന് ലോകത്തെ ഏറ്റവും വലിയ T20 വേദികളിലേക്ക് വളര്‍ന്ന ഈ താരങ്ങളുടെ കരിയറിനുള്ള സ്ഥിരം സ്മാരകമായി ഇനി ക്വീന്‍സ് പാര്‍ക്ക് ഓവലിലെ ഈ സ്റ്റാന്‍ഡും മാറും.















