കാഠ്മണ്ഡു: വിനാശകരമായ മിന്നല്‍പ്രളയത്തിന്റെ ആഘാതത്തില്‍ നിന്ന് കരകയറാനാകാതെ നേപ്പാള്‍. രാജ്യത്ത് പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 1,003 ആയി ഉയര്‍ന്നു. ഏകദേശം 4,000 പേരെ ഇപ്പോഴും കാണാനില്ലെന്നാണ് അധികൃതരുടെ കണക്ക്. കാണാതായവരില്‍ 583 വിദേശ പൗരന്മാരുമുണ്ട്. ദുരന്തബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും തുടരുകയാണ്.
നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിക്ക് സമീപമുണ്ടായ മഞ്ഞും പാറകളും ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് ഭോട്ടെകോശി നദിയിലേക്ക് വന്‍തോതില്‍ വെള്ളമെത്തിയതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. തുടര്‍ന്ന് നദി കരകവിഞ്ഞൊഴുകി നിരവധി ജനവാസകേന്ദ്രങ്ങളെയും റോഡുകളെയും പാലങ്ങളെയും ജലവൈദ്യുത പദ്ധതികളെയും തകര്‍ത്തു. രാജ്യത്തെ എട്ട് ജില്ലകളിലാണ് പ്രളയത്തിന്റെ ആഘാതം രൂക്ഷമായത്. ചിത്വാനിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് 321. നാവല്‍പരാസി ഈസ്റ്റില്‍ 216 പേരും മരിച്ചു.
ഏകദേശം 12,000 പേരെ ഇതിനകം രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി 21,300-ലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നേപ്പാള്‍ വിന്യസിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കുടുങ്ങിയവരെ ഒഴിപ്പിക്കാനും ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും എത്തിക്കാനും ഹെലികോപ്റ്ററുകള്‍ നിരന്തരം സര്‍വീസ് നടത്തുന്നുണ്ട്.
എന്നാല്‍ ഇടയ്‌ക്കിടെയുള്ള മഴയും പുതിയ പ്രളയ മുന്നറിയിപ്പുകളും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. നദികളിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ കിഴക്കന്‍, മധ്യ, പടിഞ്ഞാറന്‍ നേപ്പാളിലെ വിവിധ മേഖലകളില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. റാസുവ, നുവാകോട്ട് ഉള്‍പ്പെടെയുള്ള ജില്ലകളിലാണ് നിലവില്‍ കൂടുതല്‍ ജാഗ്രത. കാലാവസ്ഥാ സാഹചര്യം വിലയിരുത്തുന്നതിനായി ഊര്‍ജമന്ത്രിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വിദഗ്ധരുമായി ചര്‍ച്ച നടത്തി.
നദികളുടെ നിരീക്ഷണം ശക്തമാക്കുന്നതിനും നേരത്തെയുള്ള മുന്നറിയിപ്പ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമാണ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രധാനമായും ശ്രദ്ധ നല്‍കുന്നത്. അപകടസാധ്യതയുള്ള മേഖലകളില്‍ നിരീക്ഷണ ക്യാമറകളും ഉപഗ്രഹാധിഷ്ഠിത ആശയവിനിമയ സംവിധാനങ്ങളും സ്ഥാപിക്കാനും പദ്ധതിയുണ്ട്.















