കാഠ്മണ്ഡു: താഴെ കനത്ത ചെളിയും അവശിഷ്ടങ്ങളും, മുകളില്‍ പ്രതികൂല കാലാവസ്ഥയും. ഒരേസമയം അഞ്ചോ ആറോ ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങുന്ന അതീവ അപകടകരമായ സാഹചര്യം. റേഡിയോയിലൂടെ മറ്റ് പൈലറ്റുകളുമായി നിരന്തരം ആശയവിനിമയം നടത്തുന്നതിനിടെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയാണ് നേപ്പാളിന്റെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റനായ പ്രിയ അധികാരി.
നേപ്പാളിലും ടിബറ്റിലും പ്രളയവും മണ്ണിടിച്ചിലും കനത്ത നാശം വിതച്ച സാഹചര്യത്തില്‍, ഒരാഴ്ചയ്‌ക്കുള്ളില്‍ തന്നെ നൂറോളം രക്ഷാദൗത്യങ്ങളാണ് 40കാരിയായ പ്രിയ അധികാരി നടത്തിയത്. ദിവസങ്ങളായി തുടര്‍ച്ചയായി പറക്കുന്നതിനാല്‍ കടുത്ത ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ് പ്രിയ. പ്രളയബാധിത റാസുവ ജില്ലിയിലെ തിമുറെ ഗ്രാമത്തിന് മുകളിലൂടെ ഏകദേശം 20 ഹെലികോപ്റ്ററുകളാണ് തുടര്‍ച്ചയായി രക്ഷാദൗത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്.
ഒരേ സ്ഥലത്ത് അഞ്ചോ ആറോ ഹെലികോപ്റ്ററുകള്‍ ഒരേസമയം ഇറങ്ങേണ്ടിവരുന്നതിനാല്‍ പൈലറ്റുമാര്‍ തമ്മിലുള്ള ഏകോപനം അതീവ നിര്‍ണായകമാണ്. പ്രളയത്തെ തുടര്‍ന്ന് ചില പ്രദേശങ്ങളില്‍ കനത്ത ചെളി അടിഞ്ഞുകൂടിയതിനാല്‍ ഹെലികോപ്റ്ററുകള്‍ക്ക് സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ പോലും കഴിയാത്ത സാഹചര്യമാണ്. അതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഹെലികോപ്റ്ററുകള്‍ പൂര്‍ണമായും നിര്‍ത്താതെ പറക്കേണ്ടിവരുന്ന അവസ്ഥയുമുണ്ട്. തിമുറെയ്‌ക്ക് മുകളിലൂടെ പറക്കുമ്പോള്‍ പ്രിയ കണ്ട കാഴ്ചകള്‍ ഹൃദയഭേദകമായിരുന്നു.
പ്രളയത്തില്‍ തകര്‍ന്ന പ്രദേശങ്ങളും ചിതറിക്കിടക്കുന്ന മൃതദേഹങ്ങളും നാശനഷ്ടങ്ങളും അവര്‍ക്കു നേരിട്ട് കാണേണ്ടിവന്നു. എന്നാല്‍ അതിനിടയിലും രക്ഷപ്പെട്ടവരെ കാണുന്നതാണ് പ്രിയയ്‌ക്ക് ആശ്വാസം. ഓരോ ദൗത്യത്തിലും ആളുകളെ സുരക്ഷിതമായി കണ്ടെത്തുമ്പോള്‍ ‘നിങ്ങള്‍ രക്ഷപ്പെട്ടു’ എന്ന് അവരോട് പറയാറുണ്ടെന്ന് പ്രിയ പറഞ്ഞു. രക്ഷപ്പെടുത്തിയവര്‍ സ്വന്തം ബന്ധുക്കളല്ലെങ്കിലും അവരുടെ ജീവിതം രക്ഷിക്കാനാകുന്നതിന്റെ വികാരം ഓരോ ദൗത്യത്തിനും ശേഷം മനസില്‍ നിറയുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.
പുരുഷന്മാര്‍ക്ക് മേല്‍ക്കൈയുണ്ടായിരുന്ന വ്യോമയാന മേഖലയിലേക്കുള്ള പ്രിയയുടെ പ്രവേശനവും വ്യത്യസ്തമായിരുന്നു. പരിസ്ഥിതി ശാസ്ത്രം പഠിച്ച അവര്‍ പിന്നീട് കാബിന്‍ ക്രൂ ആയി ജോലി ചെയ്തു. ഒരു ഹെലികോപ്റ്റര്‍ യാത്രയാണ് പിന്നീട് അവരുടെ കരിയറിന്റെ ദിശ മാറ്റിയത്. തുടര്‍ന്ന് ഹെലികോപ്റ്റര്‍ പരിശീലനത്തിനായി ഫിലിപ്പീന്‍സിലെത്തിയ പ്രിയ ആവശ്യമായ പറക്കല്‍ പരിചയം സ്വന്തമാക്കി. 2017ല്‍ മുഴുവന്‍ സമയ ഹെലികോപ്റ്റര്‍ പൈലറ്റായി. പിന്നീട് ഉയര്‍ന്ന പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പ്രത്യേക പരിശീലനം നേടിയ അവര്‍ ഹിമാലയത്തിലും എവറസ്റ്റിലും രക്ഷാദൗത്യങ്ങളില്‍ പങ്കെടുത്തു.
ഏകദേശം 6,200 മീറ്റര്‍ വരെ ഉയരത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്റര്‍ പറത്തിയ അനുഭവവും പ്രിയയ്‌ക്കുണ്ട്. കരിയറിന്റെ തുടക്കത്തില്‍ ഒരു വനിതയ്‌ക്ക് ഹെലികോപ്റ്റര്‍ ക്യാപ്റ്റനാകാനാകുമോ എന്ന സംശയങ്ങള്‍ നേരിട്ടെങ്കിലും അതെല്ലാം മറികടന്ന് നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റനായി പ്രിയ ചരിത്രം കുറിച്ചു. വര്‍ഷങ്ങളായുള്ള ഉയര്‍ന്ന പ്രദേശങ്ങളിലെ പറക്കലും രക്ഷാദൗത്യങ്ങളും പ്രിയയെ അപകടകരമായ സാഹചര്യങ്ങളെ നേരിടാന്‍ പരിശീലിപ്പിച്ചു. എന്നാല്‍ ഇപ്പോഴത്തെ പ്രളയത്തിന്റെ വ്യാപ്തി തന്റെ മുന്‍ അനുഭവങ്ങളെയെല്ലാം മറികടന്നതാണെന്ന് അവര്‍ പറയുന്നു. എങ്കിലും പ്രിയയുടെ ഹെലികോപ്റ്റര്‍ പറക്കല്‍ തുടരുകയാണ്. രക്ഷിക്കപ്പെടാന്‍ കാത്തിരിക്കുന്നവരിലേക്കുള്ള ഓരോ പറക്കലും ഒരു പുതിയ ജീവന്‍ തിരിച്ചുപിടിക്കാനുള്ള ദൗത്യമാണ്.















