റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: ഫുട്ബോള്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രസീല്‍ ലെജന്‍ഡ്‌സ്-ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍സ് രാജ്യാന്തര മത്സരം സെപ്റ്റംബര്‍ 23ലേക്ക് മാറ്റി. നേരത്തെ സെപ്റ്റംബര്‍ 20ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടത്താനിരുന്ന മത്സരമാണ് പുനഃക്രമീകരിച്ചത്. ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ ഗൗച്ചോ പ്രത്യേക വീഡിയോ സന്ദേശത്തിലൂടെയാണ് പുതിയ തീയതി ഔദ്യോഗികമായി അറിയിച്ചത്. 2002 ലോകകപ്പ് നേടിയ ബ്രസീല്‍ ടീമിലെ സൂപ്പര്‍താരങ്ങളായ റൊണാള്‍ഡീഞ്ഞോയും റിവാള്‍ഡോയും കൊച്ചിയില്‍ കളിക്കാനെത്തുന്നതാണ് മത്സരത്തിന്റെ പ്രധാന ആകര്‍ഷണം.

എഡ്മില്‍സണ്‍, പൗളോ സെര്‍ജിയോ, ജിയോവാനി, ജൂനിയര്‍, വിയോള, ഹ്യൂറെല്‍ഹോ ഗോമസ്, അമറല്‍, ഗുസ്താവോ നെറി, റിക്കാര്‍ഡോ ഒലിവെയ്റ, ജോര്‍ജീഞ്ഞോ, കമാന്‍ഡുകായ, എലിവെല്‍ട്ടണ്‍, എല്‍സണ്‍, പാരാ, ഡിയോഗോ കോറിയ തുടങ്ങിയ മുന്‍ ബ്രസീല്‍ താരങ്ങളും ലെജന്‍ഡ്‌സ് ടീമിന്റെ ഭാഗമാകും. ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍സ് ടീമിലും ഫുട്ബോള്‍ ആരാധകര്‍ക്ക് പരിചിതമായ വമ്പന്‍ പേരുകളുണ്ട്. ഐ.എം. വിജയന്‍, ജോ പോള്‍ അഞ്ചേരി, സി.കെ. വിനീത്, കെ.ടി. ചാക്കോ തുടങ്ങിയ ഇന്ത്യന്‍ ഫുട്ബോള്‍ താരങ്ങള്‍ കൊച്ചിയില്‍ ബ്രസീല്‍ ഇതിഹാസങ്ങള്‍ക്കെതിരെ ബൂട്ടണിയും.

ഗാമന്‍ വേള്‍ഡ് സ്‌പോര്‍ട്‌സ് എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, എ ടു ഇസഡ് ലോജിസ്റ്റിക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എ സാബാ ഡോസ് ഇനിഷ്യേറ്റീവ് എന്നിവ സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്. ചെന്നൈ, കൊച്ചി, ഹൈദരാബാദ്, മുംബൈ, ദുബായ് എന്നീ അഞ്ച് പ്രമുഖ അന്താരാഷ്‌ട്ര നഗരങ്ങളിലായി നടക്കുന്ന ബ്രസീല്‍ മുന്‍താരങ്ങളുടെ ഗ്ലോബല്‍ ടൂറിലെ രണ്ടാമത്തെ മത്സരത്തിനാണ് കൊച്ചി വേദിയാകുന്നത്. റൊണാള്‍ഡീഞ്ഞോയുടെയും റിവാള്‍ഡോയുടെയും സാന്നിധ്യം മത്സരത്തിന് കൂടുതല്‍ ആവേശം പകരുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ഫുട്ബോള്‍ ആരാധകര്‍.

Share