തൃശ്ശൂർ: കുന്നംകുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദനത്തിൽ നീതി വൈകുന്നതിനെതിരെ സർക്കാരിനും കെപിസിസി നേതൃത്വത്തിനുമെതിരെ പരസ്യ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്ത്. മർദനത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്ന് സുജിത്ത് ആരോപിച്ചു.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റായിരുന്ന സുജിത്തിന് മർദനമേറ്റത്. വിവരാവകാശ നിയമപ്രകാരം പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ രണ്ട് വർഷത്തോളം നിയമപോരാട്ടം നടത്തിയ ശേഷമാണ് ദൃശ്യങ്ങൾ പുറത്തുവന്നതെന്ന് സുജിത്ത് പറയുന്നു.
ദൃശ്യങ്ങൾ പുറത്തുവന്ന് ഒരു വർഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ലെന്നാണ് സുജിത്തിന്റെ പരാതി. മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കെപിസിസി പ്രസിഡന്റിനെയും ടാഗ് ചെയ്ത് രാവിലെ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെയാണ് അദ്ദേഹം പരസ്യമായി പ്രതികരിച്ചത്.
‘രാഷ്‌ട്രീയ സംരക്ഷണമല്ല, നീതിയാണ് വേണ്ടത്’ എന്നാണ് സുജിത്തിന്റെ നിലപാട്. കൂടെയുണ്ടാകുമെന്ന് പറഞ്ഞ നേതാക്കൾ വാക്ക് പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നീതി വൈകുന്നത് മർദനത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിന് കാരണമാകരുതെന്നും സുജിത്ത് പറഞ്ഞു.
ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും കെപിസിസി അധ്യക്ഷനും തന്നെ കാണുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തതായി സുജിത്ത് പറയുന്നു. എന്നാൽ പുതിയ സർക്കാർ അധികാരത്തിലെത്തിയിട്ടും നടപടിയുണ്ടായില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി.
മർദനത്തിന് നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുന്നതുവരെ പോരാട്ടം തുടരുമെന്ന് സുജിത്തും കോൺഗ്രസ് നേതാവ് വർഗീസ് ചൊവ്വന്നൂരും വ്യക്തമാക്കി. അന്വേഷണം വൈകുന്നത് സ്വാഭാവിക കാലതാമസമാണെന്നും പാർട്ടിയും സർക്കാരും സുജിത്തിനൊപ്പമാണെന്നും കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചിട്ടുണ്ട്.















