കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ കേസിൽ നിർണായക കണ്ടെത്തൽ. കേസിലെ പ്രതിയായ പൊന്നാനി കോക്കൂർ സ്വദേശി ഫാറൂഖിന് രണ്ടിലധികം ഭാര്യമാരുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സ്വർണക്കടത്തിനായി ഇയാൾ വിവാഹബന്ധങ്ങൾ ഉപയോഗിച്ചിരുന്നോ എന്നതടക്കം ഡിആർഐ പരിശോധിച്ചുവരികയാണ്.
ഫാറൂഖിന്റെ രണ്ടാമത്തെ ഭാര്യയെ കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് 1.78 കിലോ സ്വർണവുമായി ഡിആർഐ പിടികൂടിയിരുന്നു. നാപ്കിനിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ഭർത്താവാണ് സ്വർണം ഒളിപ്പിച്ച് യാത്രയയച്ചതെന്ന് യുവതി ഡിആർഐക്ക് മൊഴി നൽകിയിരുന്നു.
തുടർന്ന് ഫാറൂഖിന്റെ യാത്രകളും ഇടപാടുകളും ഡിആർഐ നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടെയാണ് ഒരു കോടി രൂപയോളം വിലമതിക്കുന്ന സ്വർണവുമായി റാസൽഖൈമയിൽ നിന്ന് കരിപ്പൂരിലെത്തിയ ഫാറൂഖ് പിടിയിലായത്.
34കാരനായ ഫാറൂഖ് എട്ടുമാസം പ്രായമുള്ള കുഞ്ഞടക്കം മൂന്ന് കുട്ടികളുമായാണ് കരിപ്പൂരിലെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് നിന്നെത്തിയ ഡിആർഐ സംഘമാണ് പരിശോധന നടത്തിയത്. കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച നിലയിലും ഫാറൂഖിന്റെ ശരീരത്തിൽ രഹസ്യമായി ഒളിപ്പിച്ച നിലയിലുമാണ് സ്വർണം കണ്ടെത്തിയത്.
ഫാറൂഖും രണ്ടാമത്തെ ഭാര്യയും ചേർന്ന് ഇതുവരെ ഏകദേശം മൂന്ന് കോടി രൂപയുടെ സ്വർണം കടത്തിയതായാണ് ഡിആർഐയുടെ പ്രാഥമിക കണ്ടെത്തൽ. സ്വർണം എവിടെനിന്നാണ് ലഭിച്ചതെന്നും ആരാണ് ഇവർക്ക് പിന്നിൽ പ്രവർത്തിച്ചതെന്നും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.
സ്വർണക്കടത്തിനായി ഒന്നിലധികം വിവാഹങ്ങൾ നടത്തിയെന്ന സംശയവും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും ഡിആർഐ അന്വേഷിച്ചുവരികയാണ്.















