കൊച്ചി: സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ കടുത്ത മനുഷ്യാവകാശ ലംഘനം നടക്കുന്നതായി ഹൈക്കോടതി. മതിയായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് ഇതിന് പ്രധാന കാരണമെന്നും രോഗികള്‍ കഴിയുന്ന ഇടങ്ങള്‍ തടവറകള്‍ പോലെയാകരുതെന്നും കോടതി വിമര്‍ശിച്ചു. നിലവിലെ സാഹചര്യത്തില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും നിസ്സഹായരാകുന്ന അവസ്ഥയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ‘സൗകര്യങ്ങളില്ല’ എന്ന കാരണം പറഞ്ഞ് മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള രോഗികളെ സെല്ലുകളില്‍ അടച്ചിടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. രോഗികളെ സെല്ലുകളില്‍ മാത്രം കിടത്തരുതെന്നും പുറത്തിറങ്ങി മാനസിക ഉല്ലാസത്തിനുള്ള അവസരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
ചികിത്സയ്‌ക്കൊപ്പം രോഗികളുടെ മാനസിക സന്തോഷവും ക്ഷേമവും ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. മരുന്ന് നല്‍കി രോഗികളെ ഉറക്കിക്കിടത്തുന്നതല്ല മാനസികാരോഗ്യ ചികിത്സയുടെ ലക്ഷ്യമെന്ന് കോടതി നിരീക്ഷിച്ചു. മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ തുടരുന്നത് ലജ്ജാകരമാണെന്നും കോടതി വ്യക്തമാക്കി. നിലവിലെ സാഹചര്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കോടതി നിര്‍ദേശിച്ചു. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നും രോഗികള്‍ക്ക് സുരക്ഷിതവും മാനുഷികവുമായ അന്തരീക്ഷം ഒരുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
മാനസികാരോഗ്യ കേന്ദ്രങ്ങളുടെ ചുറ്റുമതില്‍ കൃത്യമായി നിര്‍മിക്കണമെന്നും ആവശ്യത്തിന് മരുന്നുകള്‍ ലഭ്യമാണെന്ന് ഉറപ്പാക്കണമെന്നും സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. ചികിത്സാ സൗകര്യങ്ങള്‍ക്കൊപ്പം രോഗികളുടെ അടിസ്ഥാന ആവശ്യങ്ങളും മാനസിക ക്ഷേമവും പരിഗണിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മാനസികാരോഗ്യ കേന്ദ്രങ്ങളെ വെല്‍നെസ് സെന്ററുകളാക്കി മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ഹൈക്കോടതി സ്വാഗതം ചെയ്തു. രോഗികളെ അടച്ചിടുന്നതിന് പകരം കൂടുതല്‍ മാനുഷികമായ അന്തരീക്ഷം ഉറപ്പാക്കുന്ന തരത്തില്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തണമെന്നാണ് കോടതിയുടെ നിലപാട്. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.















