ന്യൂഡല്‍ഹി: ഇന്ത്യയുടെ ഏറ്റവും പുതിയ ജിഡിപി വളര്‍ച്ചാ കണക്കുകളെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ഒരുകാലത്ത് ‘ഫ്രാജൈല്‍ ഫൈവ്’ പട്ടികയിലേക്ക് തള്ളിവിട്ടവര്‍ക്ക് ഇന്ന് ഇന്ത്യ ലോകത്തിലെ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായി മാറിയത് അംഗീകരിക്കാനാകുന്നില്ലെന്ന് മോദി പറഞ്ഞു. ഡല്‍ഹിയിലെ ശ്രീറാം കോളേജ് ഓഫ് കൊമേഴ്സിന്റെ (എസ്ആര്‍സിസി) ശതാബ്ദി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഏപ്രില്‍-ജൂണ്‍ പാദത്തിലെ 7.8 ശതമാനം ജിഡിപി വളര്‍ച്ച പശ്ചിമേഷ്യയിലെ സംഘര്‍ഷവും ആഗോള വ്യാപാര രംഗത്തെ പ്രതിസന്ധികളും നിലനില്‍ക്കുമ്പോഴും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ കരുത്ത് വ്യക്തമാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
”7.8 ശതമാനം പാദവാര്‍ഷിക വളര്‍ച്ച രാജ്യത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ഇന്ത്യയെ ‘ഫ്രാജൈല്‍ ഫൈവ്’ എന്ന നിലയിലേക്ക് എത്തിച്ചതിന്റെ പേരില്‍ കുപ്രസിദ്ധരായവര്‍ക്ക് ഈ കണക്കുകള്‍ ദഹിക്കുന്നില്ല,” മോദി പറഞ്ഞു. 13 വര്‍ഷത്തിന് ശേഷം എസ്ആര്‍സിസിയിലെത്തിയ മോദി 2013ലെ തന്റെ പ്രസംഗത്തിലെ ‘പകുതി നിറഞ്ഞ ഗ്ലാസ്’ പരാമര്‍ശവും വീണ്ടും ഓര്‍മിപ്പിച്ചു. അന്ന് ചിലര്‍ ഗ്ലാസ് പകുതി നിറഞ്ഞതായും മറ്റുചിലര്‍ പകുതി കാലിയായതായും കാണുമ്പോള്‍, താന്‍ ഗ്ലാസ് പൂര്‍ണമായും നിറഞ്ഞതായാണ് കാണുന്നതെന്ന് പറഞ്ഞിരുന്നുവെന്ന് മോദി ചൂണ്ടിക്കാട്ടി.
2013ല്‍ ഇന്ത്യയെ പകുതി കാലിയായ ഗ്ലാസായി കണ്ടവര്‍ ഇന്നും അതേ കാഴ്ചപ്പാടിലാണ് തുടരുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ”അവര്‍ക്കായി ഗ്ലാസ് എപ്പോഴും പകുതി കാലിയായിരിക്കും. ഞാന്‍ പറയുന്നത് ഗ്ലാസിനെക്കുറിച്ചാണ്, മറ്റൊന്നും കാലിയാകുന്നതിനെക്കുറിച്ചല്ല,” മോദി പറഞ്ഞു. 2013ന് ശേഷം തന്റെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ‘റിപ്പോര്‍ട്ട് കാര്‍ഡ്’ കൂടിയാണ് ഇന്നത്തെ പ്രസംഗമെന്ന് വ്യക്തമാക്കിയ മോദി, ”നുണകളുടെ പ്രതിധ്വനിക്ക് സത്യത്തിന്റെ ഗര്‍ജ്ജനത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകില്ല” എന്നും പറഞ്ഞു.
2013ലെ സാമ്പത്തിക സാഹചര്യവും പ്രധാനമന്ത്രി വിശദീകരിച്ചു. ദുര്‍ബലമായ രൂപ, ഏകദേശം 10 ശതമാനത്തോളമുണ്ടായിരുന്ന പണപ്പെരുപ്പം, ഉയര്‍ന്ന കറന്റ് അക്കൗണ്ട് കമ്മി, വ്യാവസായിക വളര്‍ച്ചയിലെ ഇടിവ്, അഴിമതി ആരോപണങ്ങള്‍, ‘നയപരമായ മരവിപ്പ്’ എന്നിവയായിരുന്നു അന്നത്തെ പ്രധാന വെല്ലുവിളികളെന്ന് മോദി പറഞ്ഞു. ആഗോള സാമ്പത്തിക ആഘാതങ്ങള്‍ക്ക് കൂടുതല്‍ ഇരയാകാന്‍ സാധ്യതയുള്ള രാജ്യങ്ങളുടെ കൂട്ടത്തിലാണ് അന്ന് ഇന്ത്യയെ ‘ഫ്രാജൈല്‍ ഫൈവ്’ എന്ന വിശേഷണത്തോടെ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇന്ന് ലോകം ഇന്ത്യയെ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായി കാണുകയാണെന്ന് മോദി പറഞ്ഞു.
ആഗോള സംഘര്‍ഷങ്ങളും വ്യാപാര രംഗത്തെ പ്രതിസന്ധികളും നിലനില്‍ക്കുമ്പോഴും ഇന്ത്യ വളരുകയാണെന്നും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. സാമ്പത്തിക ഉള്‍പ്പെടുത്തലിന്റെ ഉദാഹരണമായി പ്രധാനമന്ത്രി ജന്‍ധന്‍ യോജനയും ചൂണ്ടിക്കാട്ടി. കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഏകദേശം 60 കോടി ബാങ്ക് അക്കൗണ്ടുകള്‍ തുറന്നതിലൂടെ ദരിദ്രരും നേരത്തെ ബാങ്കിങ് സംവിധാനത്തിന് പുറത്തായിരുന്നവരും ഔപചാരിക സാമ്പത്തിക മേഖലയിലേക്ക് എത്തിയെന്ന് മോദി പറഞ്ഞു.
സാധാരണക്കാര്‍ അടിസ്ഥാന സേവനങ്ങള്‍ക്കും അവസരങ്ങള്‍ക്കുമായി ‘മൈ-ബാപ്’ സംസ്‌കാരത്തെ ആശ്രയിച്ച് തുടരണമെന്നാണ് ചിലരുടെ ആഗ്രഹമെന്നും അദ്ദേഹം ആരോപിച്ചു. ”ഇതാണ് മോദി. ‘മൈ-ബാപ്’ സംസ്‌കാരത്തെ പിന്തുണയ്‌ക്കുന്നവരുടെ മുന്നില്‍ അദ്ദേഹം പാറപോലെ ഉറച്ചുനില്‍ക്കും,” മോദി പറഞ്ഞു. 2013ല്‍ എസ്ആര്‍സിസിയില്‍ നടത്തിയ പ്രസംഗത്തില്‍ മുന്നോട്ടുവച്ച ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ആശയവും മോദി വീണ്ടും പരാമര്‍ശിച്ചു. ഇന്ത്യയില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കണമെന്ന തന്റെ അന്നത്തെ ആഹ്വാനം പലരും യാഥാര്‍ഥ്യമാകില്ലെന്ന് കരുതിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
2014ല്‍ ഇന്ത്യയിലേക്ക് ഭൂരിഭാഗം മൊബൈല്‍ ഫോണുകളും ഇറക്കുമതി ചെയ്തിരുന്നെങ്കില്‍ ഇന്ന് 2.5 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള മൊബൈല്‍ ഫോണുകള്‍ ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി. ആഭ്യന്തര ഉല്‍പ്പാദന മേഖലയിലെ മാറ്റത്തിന്റെ ഉദാഹരണമായാണ് അദ്ദേഹം ഇത് അവതരിപ്പിച്ചത്. ഇന്ത്യ ആഗോള ഉല്‍പ്പാദന കേന്ദ്രമായും ഗവേഷണ-നവീകരണത്തിന്റെ പ്രധാന കേന്ദ്രമായും കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വലിയ കയറ്റുമതിക്കാരനായും മാറുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.















