ബംഗളൂരു: ആർഎസ്എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന് അധ്യാപകരെ സസ്പെൻസ് ചെയ്ത സംസ്ഥാന സർക്കാർ നടപടി സ്റ്റേ ചെയ്ത് കർണാടക അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. അധ്യാപകരായ ഗുരുരാജ് ജോഷിയുടെയും അന്നാസാഹേബ് ദേശ്മുഖിന്റെയും സസ്‌പെൻഷൻ ഉത്തരവാണ് കലബുറഗിയിലെ കർണാടക അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (KAT) സ്റ്റേ ചെയ്തത്.
ആർ.എസ്.എസ് ഒരു രാഷ്‌ട്രീയ സംഘടനയല്ലെന്ന് ചൂണ്ടിക്കാട്ടിയ ട്രൈബ്യൂണൽ, പരിപാടിയിൽ പങ്കെടുത്തത് കർണാടക സിവിൽ സർവീസസ് (കണ്ടക്ട്) ചട്ടങ്ങളുടെ ലംഘനമാണോയെന്നതിലും ചോദ്യമുയർത്തി. ഒക്ടോബർ 9നാണ് കേസിൽ അടുത്ത വാദം. അതുവരെ സസ്‌പെൻഷൻ സ്റ്റേ തുടരും.
യാദ്ഗിർ ജില്ലയിലെ ഹുനസാഗി താലൂക്കിലെ സർക്കാർ സ്‌കൂൾ അധ്യാപകരാണ് ഗുരുരാജ് ജോഷിയും അന്നാസാഹേബ് ദേശ്മുഖും. 2026 ഓഗസ്റ്റ് 20ന് യാദ്ഗിർ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പബ്ലിക് ഇൻസ്ട്രക്ഷൻ സി.എസ്. മുദോളാണ് ഇരുവരെയും സസ്‌പെൻഡ് ചെയ്തത്.
2025 ഒക്ടോബറിൽ നടന്ന ആർ.എസ്.എസ് പഥസഞ്ചലനങ്ങളിൽ പങ്കെടുത്തതാണ് നടപടിക്ക് കാരണമായത്. സർക്കാർ ജീവനക്കാർ രാഷ്‌ട്രീയ പാർട്ടികളിലോ രാഷ്‌ട്രീയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സംഘടനകളിലോ അംഗങ്ങളാകുകയോ അത്തരം സംഘടനകളുമായി ബന്ധപ്പെടുകയോ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുകയോ ചെയ്യരുതെന്ന കർണാടക സിവിൽ സർവീസസ് (കണ്ടക്ട്) റൂൾസിലെ വ്യവസ്ഥകൾ അധ്യാപകർ ലംഘിച്ചെന്നാണ് വിദ്യാഭ്യാസ വകുപ്പ് വാദിച്ചത്.
എന്നാൽ പരിപാടികൾ നടന്നത് ജോലി സമയത്തിന് പുറത്താണെന്നും അവ രാഷ്‌ട്രീയ പരിപാടികളല്ല, സാംസ്‌കാരിക സ്വഭാവമുള്ളവയാണെന്നും അധ്യാപകർ ട്രൈബ്യൂണലിൽ വാദിച്ചു. ഗുരുരാജ് ജോഷി ഒക്ടോബർ 12ന് വിജയപുര ജില്ലയിലെ താലിക്കോട്ടെയിൽ നടന്ന പഥസഞ്ചലനത്തിലും അന്നാസാഹേബ് ദേശ്മുഖ് ഒക്ടോബർ 10ന് ഹുനസാഗിയിൽ നടന്ന പഥസഞ്ചലനത്തിലുമാണ് പങ്കെടുത്തത്.
സസ്‌പെൻഷനെതിരെ ഇരുവരും കർണാടക അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. അന്തിമ വാദത്തിന് മുമ്പായി സംസ്ഥാന സർക്കാരിനും വിദ്യാഭ്യാസ അധികൃതർക്കും മറുപടി നൽകാൻ ട്രൈബ്യൂണൽ അവസരം നൽകിയിട്ടുണ്ട്.















