കോഴിക്കോട്: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത എ.പി വിഭാഗം മുഖപത്രമായ സിറാജ്. തിരഞ്ഞെടുപ്പിലെ തോൽവിയുടെ അരിശം പാർട്ടി പ്രവർത്തകരോടും സാമുദായിക സംഘടനകളോടും തീർക്കുന്നതിന് പകരം രോഗത്തിന് ചികിത്സ തേടുകയാണ് വേണ്ടതെന്ന് വിമർശനം. എസ്‌വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുല്ലാഹ് സഖാഫി എളമരം എഴുതിയ ‘ഇവിടെ ആർക്കാണ് പ്രശ്നം’ എന്ന ലേഖനത്തിലാണ് സിപിഎമ്മിനെതിരെ വിമർശനം ഉയരുന്നത്.
കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയെ അനുകൂലിച്ചുകൊണ്ടുള്ള ലേഖനത്തിലാണ് സിപിഎമ്മിന്റെ നിലപാടിനെതിരെ വിമർശനം. പത്ത് വർഷത്തോളം സിപിഎം സ്വീകരിച്ചുപോന്ന നിലപാടുകളിൽ നിന്ന് വ്യത്യസ്തമായി കാന്തപുരം വിഷയത്തിൽ ഇത്തവണ പാർട്ടി അന്ധമായ വിമർശനമാണ് ഉന്നയിക്കുന്നതെന്നും ലേഖനത്തിൽ പറയുന്നു.
രണ്ടാം എൽഡിഎഫ് സർക്കാരിന്റെ രൂപീകരണത്തിൽ തലമുറമാറ്റം കൊണ്ടുവന്നപ്പോഴും മുഖ്യമന്ത്രി മാത്രം മാറിയില്ലെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. പിണറായി വിജയൻ വീണ്ടും മത്സരിക്കുകയും പാർട്ടി നേതൃത്വത്തിലുള്ള പലരുടെയും ഭാര്യമാർക്കും ബന്ധുക്കൾക്കും സീറ്റ് ഉറപ്പാക്കുകയും ചെയ്തു. ഇതും തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്നാണ് ലേഖനത്തിലെ വിമർശനം.
തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ന്യൂനപക്ഷ സമുദായങ്ങളുടെ മേൽ ചാർത്തി വിമർശിക്കുന്ന സമീപനം പല ഇടത് പ്രൊഫൈലുകളിലും കാണുന്നുണ്ടെന്നും ലേഖനം പറയുന്നു.
കാന്തപുരം വിഷയത്തിൽ വിശദീകരണം നൽകിയിട്ടും വിമർശനം തുടരുന്നതിന് പിന്നിൽ തിരഞ്ഞെടുപ്പ് തോൽവിയുടെ അരിശമാണോ എന്ന സംശയവും ലേഖനം പ്രകടിപ്പിക്കുന്നു. തോൽവിയുടെ അരിശം പാർട്ടി പ്രവർത്തകരോടും സാമുദായിക സംഘടനകളോടും തീർക്കുന്നതിനുപകരം യഥാർഥ പ്രശ്നം കണ്ടെത്തി അതിന് ചികിത്സ തേടുന്നതാണ് ഉചിതമെന്നും ലേഖനത്തിൽ പറയുന്നു.















